ബിഹാറിൽ നിതീഷ് കുമാർ ബി.ജെ.പി പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് റിപ്പോർട്ട്
ബിഹാറിൽ നിതീഷ് കുമാർ ബി.ജെ.പി പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് റിപ്പോർട്ട്. ബി.ജെ.പി നേതാവ് സുശീൽ കുമാർ മോദി ഉപമുഖ്യമന്ത്രിയാകുമെന്നാണ് സൂചന. 28ന് സത്യപ്രതിജ്ഞ ഉണ്ടായേക്കുമെന്നാണ് വിവരം. ഡൽഹിയിലെത്തിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സാമ്രാട്ട് ചൗധരി, ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ബിഹാറിൽ മാറ്റം ഉറപ്പാണെന്ന് ബി.ജെ.പി എം.എൽ.എ ഗ്യാനേന്ദ്ര സിങ് പറഞ്ഞു. മാറ്റത്തിന് നിതീഷ് കുമാർ തയ്യാറാണ്. ബി.ജെ.പിയും ചർച്ച നടത്തി തീരുമാനമെടുത്തിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ എല്ലാ ശരിയാകുമെന്ന് ഗ്യാനേന്ദ്ര സിങ് പറഞ്ഞു. ഇൻഡ്യ മുന്നണിക്ക് കനത്ത തിരിച്ചടിയാണ് നിതീഷിന്റെ കൂടുമാറ്റം. സർക്കാറിനെ നിലനിർത്താൻ ആർ.ജെ.ഡിയും തിരക്കിട്ട ചർച്ചകൾ നടത്തുന്നുണ്ട്. ആർ.ജെ.ഡി നേതാക്കൾ മുൻ മുഖ്യമന്ത്രി റാബ്രിദേവിയുടെ വസതിയിലും ജെ.ഡി.യു നേതാക്കൾ നിതീഷിന്റെ ഔദ്യോഗിക വസതിയിലുമാണ് യോഗം ചേർന്നത്.
നിതീഷിന്റെ കൂടുമാറ്റം തടയാൻ ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനെ രംഗത്തിറക്കി ഇൻഡ്യ മുന്നണി ശ്രമം നടത്തിയെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ല. അതേസമയം നിതീഷ് പോകുന്നതിന്റെ ക്ഷീണം മറികടക്കാൻ മമതാ ബാനർജിയെ അനുനയിപ്പിക്കാനുള്ള നീക്കവും കോൺഗ്രസ് നടത്തുന്നുണ്ട്. ബംഗാളിൽ തൃണമൂൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കാനാണ് ശ്രമം. പാർട്ടി അധ്യക്ഷൻ ഖാർഗെ തന്നെയാണ് മമതയെ അനുനയിപ്പിക്കാൻ രംഗത്തിറങ്ങിയിരിക്കുന്നത്.
xv