റിപ്പബ്ളിക് ദിനം; കേന്ദ്രത്തിന് പ്രശംസയും കേരളത്തിനു വിമർശനവുമായി ഗവർണർ


കേന്ദ്രത്തിന് പ്രശംസയും കേരളത്തിനു വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാവിലെ ഒമ്പതിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുത്ത് സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. മലയാളത്തിൽ പ്രസംഗം ആരംഭിച്ച ഗവർണർ മുഖ്യമന്ത്രിയെ പേരെടുത്ത് വിളിച്ച് അഭിസംബോധന ചെയ്തു. മഹാകവി ജി. ശങ്കരക്കുറുപ്പിന്‍റെ വരികൾ ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം എഴുതിത്തയാറാക്കിയ പ്രസംഗം അവതരിപ്പിച്ചത്. തുടർന്ന് പ്രസംഗത്തിലുടനീളം കേന്ദ്രസർക്കാരിന്‍റെ നേട്ടങ്ങൾ എടുത്തുപ‍റഞ്ഞ ഗവർണർ കേരളത്തെ വിമർശിക്കുകയും ചെയ്തു. 

ലോകം ശ്രദ്ധിക്കുന്ന ശക്തിയായി ഇന്ത്യ മാറുന്നുവെന്നും ന‌രേന്ദ്ര മോദി ഇന്ത്യയെ സൂപ്പർ പവറാക്കാനുള്ള ശ്രമത്തിലാണെന്നും ഗവർണർ കൂട്ടിച്ചേർത്തു. കേരളം കൈവരിച്ച നേട്ടങ്ങളും ഗവർണർ പ്രസംഗത്തിൽ പരാമർശിച്ചു. മേക്ക് ഇൻ ഇന്ത്യയിലൂടെ വന്ദേഭാരതും കൊച്ചി വാട്ടർ മെട്രോയും വന്നുവെന്നും അദ്ദേഹം പറഞ്ഞു. 

കേരളം ആരോഗ്യകരമായ ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കണമെന്നും വിയോജിപ്പുകൾ അക്രമത്തിലേക്കു പോകുന്നത് ജനാധിപത്യത്തെ വഞ്ചിക്കലാണെന്നും ഗവർണർ വിമർശനമുന്നയിച്ചു. അധികാരത്തിനായുള്ള മത്സരങ്ങൾ ഭരണനിർവഹണത്തെ ബാധിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും പ്രസംഗത്തിൽ പരാമർശിച്ചു. ഉന്നതവിദ്യാഭ്യാസരംഗത്തെ ബാഹ്യഇടപെടലുകൾ അക്കാഡമിക മേഖലയെ മലിനമാക്കുന്നു. ബാഹ്യ ഇടപെടൽ‌ ഇല്ലാത്ത സ്വതന്ത്ര സ്ഥാപനങ്ങൾ കേരളത്തിനു വേണമെന്നും ഗവർണർ പറഞ്ഞു. 

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തിയതോടെയാണ് സംസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾക്ക് തുടക്കമായത്. പതാക ഉയർത്തിയതിനു പിന്നാലെ ബാൻഡ് ദേശീയഗാനം ആലപിച്ചു. അതിനു ശേഷം ഗവർണർ പരേഡിൽ സല്യൂട്ട് സ്വീകരിച്ചു. സായുധ സേനാ വിഭാഗങ്ങൾ, പോലീസ്, അർധസൈനിക വിഭാഗങ്ങൾ, അശ്വാരൂഢ പോലീസ്, എൻസിസി, സ്‌കൗട്ട്സ് എന്നിവർ അഭിവാദ്യം അർപ്പിച്ചു. തുടർന്ന് ഗവർണർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. വിദ്യാർഥികൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചു.

article-image

asdfd

You might also like

Most Viewed