ഇതര മതവിശ്വാസിയുമായി പ്രണയം; സഹോദരിയെയും മാതാവിനെയും കൊലപ്പെടുത്തി യുവാവ്
ഇതര മതവിശ്വാസിയുമായുള്ള പ്രണയത്തിൻ്റെ പേരിൽ സഹോദരിയെ കൊലപ്പെടുത്തി യുവാവ്. സഹോദരിക്കൊപ്പം മാതാവിനെയും യുവാവ് കൊലപ്പെടുത്തി. കർണാടകയിലെ മൈസൂരിലാണ് സംഭവം. മുസ്ലിം യുവാവുമായി പ്രണയത്തിലായതിനെ തുടർന്നാണ് സഹോദരിയെയും മാതാവിനെയും യുവാവ് കൊലപ്പെടുത്തിയത്. 19 വയസുകാരിയായ ധനുശ്രീയും പെൺകുട്ടിയുടെ അമ്മ അനിതയുമാണ് (40) കൊല്ലപ്പെട്ടത്. സഹോദരൻ നിതിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മുസ്ലിം യുവാവുമായി ധനുശ്രീ പ്രണയത്തിലായതിൽ നിതിൻ അസ്വസ്ഥനായിരുന്നു. ഇക്കാര്യത്തിൽ ഇരുവരും തമ്മിൽ പലതവണ തർക്കമുണ്ടാവുകയും ചെയ്തു. മാതാപിതാക്കളാണ് പലപ്പോഴും ഇവർ തമ്മിലുണ്ടായ വഴക്ക് തീർത്തിരുന്നത്. മാതാപിതാക്കൾക്കും ഈ പ്രണയബന്ധത്തിന് അനുകൂലനിലപാടായിരുന്നില്ല.
ചൊവ്വാഴ്ച വൈകിട്ട് ബന്ധുവിൻ്റെ വീട്ടിലേക്കെന്ന വ്യാജേന നിതിൻ സഹോദരിയെയും അമ്മയെയും ബൈക്കിൽ കയറ്റി കൊണ്ടുപോയി. മാരൂർ തടാകക്കരയിൽ ബൈക്ക് നിർത്തിയ നിതിൻ സഹോദരിയെ തള്ളി വെള്ളത്തിലേക്കിട്ടു. തടയാൻ ശ്രമിച്ച അമ്മയെയും ഇയാൾ തടാകത്തിലേക്ക് തള്ളിയിട്ടു. അല്പസമയത്തിനു ശേഷം അമ്മയെ രക്ഷിക്കാൻ ഇയാൾ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. നനഞ്ഞുകുളിച്ച് വീട്ടിലെത്തിയ നിതിൻ നിർത്താതെ കരയുന്നതുകണ്ട പിതാവ് സതീഷ് കാര്യം അന്വേഷിച്ചപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. അഗ്നിശമന സേനാ ഉദ്യോഗസ്ഥരെത്തി ബുധനാഴ്ചയാണ് തടാകത്തിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെടുത്തത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
dfsfdsdfsdfs