ആത്മഹത്യക്ക് ശ്രമിച്ചിട്ട് ഭർത്താവിന് മേൽ കുറ്റം ചുമത്തുന്നത് ക്രൂരത -ഡൽഹി ഹൈകോടതി
ആത്മഹത്യക്ക് ശ്രമിച്ചിട്ട് ഭർത്താവിന്റെയും കുടുംബാംഗങ്ങളുടെയും മേൽ കുറ്റം ചുമത്താൻ ശ്രമിക്കുന്നത് ഭാര്യയുടെ കൊടുംക്രൂരതയാണെന്ന് ഡൽഹി ഹൈകോടതി. ഇത്തരം സന്ദർഭങ്ങളിൽ കുടുംബം കള്ളക്കേസുകളിൽ കുടുക്കപ്പെടുമെന്ന നിരന്തരമായ ഭീഷണിയിലാണ് ജീവിക്കുന്നത്. ആവർത്തിച്ചുള്ള ആത്മഹത്യ ഭീഷണിയും ആത്മഹത്യ ശ്രമവും ക്രൂരതയാണെന്നും ജസ്റ്റിസ് സുരേഷ് കുമാർ കൈറ്റ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഭാര്യയുടെ ക്രൂരതയുടെ പേരിൽ ഭർത്താവിന് വിവാഹമോചനം അനുവദിച്ച കുടുംബ കോടതിയുടെ ഉത്തരവ് ശരിവെച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. ദമ്പതികൾ തമ്മിൽ വിവാഹം കഴിച്ച നാൾ മുതൽ തുടങ്ങിയ പ്രശ്നങ്ങളാണ്. ഒടുവിൽ ഭാര്യ കൊതുകിനെ തുരത്താനുള്ള ദ്രാവകം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ആ ശ്രമം പരാജയപ്പെട്ടപ്പോൾ ഭർത്താവ് തന്നെ കൊല്ലാൻ ശ്രമിച്ചതായാണ് യുവതി പരാതി പറഞ്ഞതെന്നും ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ ഉൾപ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി.
തനിക്ക് ശരിയായി ഭക്ഷണം പോലും നൽകിയില്ലെന്നും ടോണിക്ക് ആണെന്ന് പറഞ്ഞാണ് ഭർത്താവ് ലായനി കുടിപ്പിച്ചതെന്നും യുവതി ആരോപിച്ചു. എന്നാൽ സംഭവം നടക്കുമ്പോൾ ഭർത്താവ് ജോലിസ്ഥലത്തായിരുന്നു എന്ന കാര്യം യുവതി പിന്നീട് സമ്മതിക്കുകയുണ്ടായി. ഇത്തരം സന്ദർഭങ്ങളിൽ ഭർതൃകുടുംബം കള്ളക്കേസുകളിൽ കുടുക്കപ്പെടുമെന്ന ഭീഷണിയിലാണ് കഴിയുന്നതെന്നും കോടതി നിരീക്ഷിച്ചു. ആവർത്തിച്ചുള്ള ആത്മഹത്യാ ഭീഷണിയും ആത്മഹത്യാശ്രമവും ക്രൂരതയ്ക്ക് തുല്യമായ നടപടിയാണെന്ന് മറ്റൊരു കേസിൽ സുപ്രീം കോടതി വിലയിരുത്തി.
GHFGHGHFGHFGH