ബില്‍ക്കീസ് ബാനു കേസിൽ സുപ്രീം കോടതിയുടെ പരാമര്‍ശങ്ങള്‍ നീക്കാൻ നിയമോപദേശം തേടാൻ ഗുജറാത്ത് സര്‍ക്കാര്‍


ബില്‍ക്കീസ് ബാനു കേസില്‍ സര്‍ക്കാരിനെതിരായ സുപ്രീം കോടതിയുടെ പരാമര്‍ശങ്ങള്‍ നീക്കുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ഗുജറാത്ത് സര്‍ക്കാര്‍ നിയമോപദേശം തേടും. ഗുജറാത്ത് അഡ്വക്കറ്റ് ജനറലിനോടാണ് ഇത് സംബന്ധിച്ച് നിയമോപദേശം തേടുന്നത്. നിയമോപദേശത്തിന് അനുസരിച്ചാകും സര്‍ക്കാരിന്റെ തുടര്‍ നടപടികള്‍. സര്‍ക്കാരിനെതിരെ രൂക്ഷമായ ഭാഷയിലാണ് സുപ്രീം കോടതി വിധിയില്‍ വിമര്‍ശിച്ചത്. ഇത് നീക്കുന്നതിന് ആവശ്യമായ ഹര്‍ജി നല്‍കാനാകുമോയെന്നാണ് പരിശോധിക്കുന്നത്.

ഗുജറാത്ത് കലാപക്കേസിലെ 11 കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയ ഉത്തരവില്‍ തെറ്റില്ലെന്ന നിലപാടിലാണ് ഗുജറാത്ത് സര്‍ക്കാര്‍. 1992ലെ ശിക്ഷാ ഇളവ് നയം അനുസരിച്ചാണ് തീരുമാനമെടുത്തത്. ശിക്ഷാ ഇളവില്‍ ഗുജറാത്ത് സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നാണ് 2022 മെയ് മാസത്തിലെ വിധി. ഇതനുസരിച്ചാണ് തീരുമാനമെടുത്തതെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്.

ശിക്ഷാ ഇളവ് നല്‍കേണ്ടത് ഗുജറാത്ത് സര്‍ക്കാരല്ല. മഹാരാഷ്ട്ര സര്‍ക്കാരാണ് നടപടി സ്വീകരിക്കേണ്ടത്. ശിക്ഷാ ഇളവ് നല്‍കിയ ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് എന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. വിചാരണ മഹാരാഷ്ട്രയിലാണ് നടന്നത്. അതിനാല്‍ ശിക്ഷാ ഇളവ് സംബന്ധിച്ച അപേക്ഷ പരിഗണിക്കേണ്ടത് മഹാരാഷ്ട്ര സര്‍ക്കാരാണെന്നും ബില്‍ക്കിസ് ബാനു കേസിലെ വിധിയില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

വീണ്ടും ജയിലിലേക്ക് പോകണമെന്നാണ് ഗുജറാത്ത് കലാപക്കേസിലെ 11 കുറ്റവാളികള്‍ക്ക് സുപ്രീം കോടതി നല്‍കിയ നിര്‍ദ്ദേശം. രണ്ടാഴ്ചയാണ് കുറ്റവാളികള്‍ക്ക് കീഴടങ്ങാന്‍ സുപ്രീം കോടതി നല്‍കിയ സമയപരിധി. ഇത് അവസാനിക്കും മുന്‍പ് ശിക്ഷാ ഇളവ് തേടി മഹാരാഷ്ട്ര സര്‍ക്കാരിനെ സമീപിക്കാനാണ് കുറ്റവാളികളുടെ ആലോചന. ശിക്ഷാ ഇളവ് നേടിയ കാലഘട്ടത്തിലെ മാനസിക പരിവര്‍ത്തനം പരിഗണിക്കണം എന്നാവും അപേക്ഷയ്ക്ക് ആധാരമായി ഉന്നയിക്കുന്ന കാര്യം.

എന്നാല്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ 2008ലെ ശിക്ഷാ ഇളവ് സംബന്ധിച്ച നയം ബില്‍ക്കിസ് ബാനു കേസിലെ കുറ്റവാളികള്‍ക്ക് അനുകൂലമല്ല. 2008 ഏപ്രില്‍ 11ന് അംഗീകരിക്കപ്പെട്ട ശിക്ഷാ ഇളവ് നയമനുസരിച്ച് ഇളവ് ലഭിക്കാന്‍ ശിക്ഷാ കാലാവധി ഏറ്റവും കുറഞ്ഞത് 18 വര്‍ഷം പൂര്‍ത്തിയാകണം. ഇതനുസരിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ ശിക്ഷാ ഇളവ് നല്‍കിയാല്‍ പോലും 2026ല്‍ മാത്രമാകും ഗുജറാത്ത് കലാപക്കേസിലെ കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവിന് അര്‍ഹത.

കുറ്റകൃത്യം സ്ത്രീകള്‍ക്ക് എതിരെയാണെങ്കില്‍ ശിക്ഷാ ഇളവ് ലഭിക്കാനുള്ള അപേക്ഷ പരിഗണിക്കുന്നത് ശിക്ഷ അനുഭവിച്ച് 28 വര്‍ഷത്തിന് ശേഷം മാത്രമാകും. ഇതനുസരിച്ച് ആണെങ്കില്‍ ബില്‍കിസ് ബാനു കേസിലെ കുറ്റവാളികളെ ശിക്ഷാ ഇളവിന് പരിഗണിക്കാന്‍ 2036 വരെ കാത്തിരിക്കണം. 2008ന് മുന്‍പുള്ളത് 1992ലെ ശിക്ഷാ ഇളവ് സംബന്ധിച്ച നയമാണ്. ഇത് ബാധകമാണെങ്കില്‍ പോലും കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവിന് പരിഗണിക്കാന്‍ ആകെ ശിക്ഷാ കാലാവധി 22 വര്‍ഷമെങ്കിലും കഴിയണം.

article-image

sdadsdadsadsadsads

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed