നിതീഷ് കുമാർ ജെഡിയു ദേശീയ അധ്യക്ഷസ്ഥാനത്തേക്ക്
പാറ്റ്ന: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ജെഡിയു ദേശീയ അധ്യക്ഷനായി. പാര്‍ട്ടി ദേശീയ അധ്യക്ഷനായിരുന്ന ലല്ലൻ സിങ് രാജി വെച്ച സാഹചര്യത്തിലാണ് മാറ്റം. ഇന്ന് നടന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് ലല്ലൻ സിങിന്റെ രാജിയും, നിതീഷ് കുമാറിന്റെ അധ്യക്ഷ പദവിയും തീരുമാനിക്കപ്പെട്ടത്.
പിന്നാലെ യോഗത്തിൽ ഇന്ത്യ സഖ്യത്തെ ശക്തിപ്പെടുത്തണമെന്ന് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു. ദേശീയ തലത്തിൽ ജാതി സെൻസസ് നടത്തണമെന്നും എംപിമാരുടെ കൂട്ട സസ്പെൻഷൻ അപലപനീയമെന്നും പാര്‍ട്ടി എക്സിക്യുട്ടീവ് യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു. ഇത് ദേശീയ കൗൺസിലിലും അവതരിപ്പിക്കും.
അതിനിടെ ലല്ലൻ സിങ് അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞത് സ്വന്തം താത്പര്യപ്രകാരമാണെന്നും പ്രസിഡന്റായി നിതീഷ് കുമാറിനെ നിര്‍ദ്ദേശിച്ചത് ലല്ലൻ സിങാണെന്നും ജെഡിയു ജനറൽ സെക്രട്ടറി ധനഞ്ജയ് സിങ് പറഞ്ഞു. നിതീഷ് കുമാർ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകണം എന്നതാണ് തങ്ങളുടെ ആഗ്രഹമെന്നും ധനഞ്ജയ് സിങ് വ്യക്തമാക്കി.