പുൽവാമയിൽ തീവ്രവാദ ബന്ധമുള്ള മൂന്ന് പേർ അറസ്റ്റിൽ; വൻ ആയുധശേഖരം കണ്ടെടുത്തു
ജമ്മു കശ്മീരിലെ പുൽവാമയിൽ തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേർ അറസ്റ്റിൽ. ഇവരിൽ നിന്ന് വൻ ആയുധശേഖരം സുരക്ഷാ സേന കണ്ടെടുത്തിട്ടുണ്ട്. ജമ്മു കശ്മീർ പൊലീസും സൈന്യവും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇവർ പിടിയിലായത്. പൂഞ്ച് ഭീകരാക്രമണത്തെ തുടർന്ന് ജമ്മു കശ്മീരിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പഞ്ചുവിലും ഗമിരാജിലും തെരച്ചിലും വാഹന പരിശോധനയും നടക്കുന്നുണ്ട്. ഇതിനിടെയാണ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്ന് രണ്ട് പിസ്റ്റളുകളും നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.
ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഡിസംബർ 21ന് പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിൽ നാല് സൈനികർ വീരമൃത്യു വരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണത്തോടൊപ്പം സൈനികരുടെ ആയുധങ്ങളും ഭീകരർ കൊള്ളയടിച്ചു.