തെലുങ്കാനയെ നയിക്കാൻ രേവന്ത് റെഡ്ഡി; സത്യപ്രതിജ്ഞ ചെയ്തു


ഹൈദരാബാദ്: തെലുങ്കാനയുടെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഢി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ലാൽ ബഹാദൂർ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 1.04ന് വൻജനാവലിയെ സാക്ഷിയാക്കിയാണ് സത്യപ്രതിജ്ഞ നടന്നത്. ഗവർണർ തമിഴിസൈ സൗന്ദരരാജൻ സത്യവാചകം ചൊല്ലിക്കൊടുത്തു. രേവന്ത് റെഡ്ഡിക്കു പിന്നാലെ മല്ലു ഭട്ടി വിക്രമർക്ക ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഉത്തം കുമാർ റെഡ്ഡി, ശ്രീധർ ബാബു, പൊന്നം പ്രഭാകർ, കോമതിറെഡ്ഡി വെങ്കട്ട് റെഡ്ഡി, ദാമോദർ രാജനരസിംഹ, പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡി, ദാന അനസൂയ, തുമ്മല നാഗേശ്വര റാവു, കൊണ്ടാ സുരേഖ, ജൂപള്ളി കൃഷ്ണറാവു എന്നിവർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

ഗദ്ദം പ്രസാദ് കുമാറാണ് നിയമസഭാ സ്പീക്കർ. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പാർട്ടി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, തെലുങ്കാനയുടെ കോൺഗ്രസ് ചുമതലയുള്ള മണിക്റാവു താക്കറെ എന്നിവരും വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. തെലുങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡി, ടിഡിപി അധ്യക്ഷൻ എൻ. ചന്ദ്രബാബു നായിഡു എന്നിവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ചുമതലയേറ്റതിന് ശേഷം രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രഗതി ഭവനു മുന്നിലെ ബാരിക്കേഡുകൾ നീക്കം ചെയ്തു. വസതിക്ക് പ്രജാ ഭവൻ എന്ന് പുനർനാമകരണം ചെയ്തു. 119 അംഗ നിയമസഭയിൽ കോൺഗ്രസിന് 64 അംഗങ്ങളുണ്ട്. ഒരു സിപിഐ അംഗത്തിന്‍റെ പിന്തുണയും കോൺഗ്രസിനുണ്ട്.

article-image

dfgddfgdfgdfgdfrs

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed