മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ്ഗഡിലും ബി.ജെ.പിയുടെ തേരോട്ടം; തെലങ്കാന കോൺഗ്രസ്സിന്


മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ്ഗഡിലും വ്യക്തമായ ലീഡ് നേടി ബി.ജെ.പി. മധ്യപ്രദേശിൽ 150 ലധികം സീറ്റുകളിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്.  കോൺഗ്രസ് പോരാടുന്നത് 71 സീറ്റുകളിലും. ഇതോടെ മധ്യപ്രദേശിൽ ബി.ജെ.പി തുടർഭരണം ഉറപ്പായി. മൂന്ന് സീറ്റുകളിലാണ് മറ്റുള്ളവർ ലീഡ് ചെയ്യുന്നത്. കോൺഗ്രസ് പ്രതീക്ഷയോടെ നോക്കിക്കണ്ട സംസ്ഥാനം ഇവ്വിതം തകർന്നത് അവരെ വേട്ടയാടും. ചില എക്‌സിറ്റ്‌പോൾഫലങ്ങളിൽ കോൺഗ്രസ് മുന്നേറ്റം പ്രവചിച്ചിരുന്നുവെങ്കിലും അതുപോലും ഉണ്ടായില്ല. 2018ലേക്കളും മോശം പ്രകടനമാണ് കോൺഗ്രസ് കാഴ്ചവെക്കുന്നത്. ഇനിയൊരു വലിയ മാറ്റം സാധ്യമല്ലെന്നാണ് വിലയിരുത്തലുകൾ. അതേസമയം രാജസ്ഥാനും കോൺഗ്രസ് കൈവിട്ടു. ഭരണവിരുദ്ധ കോൺഗ്രസിന് തലവേദനയാകുമെന്ന് ഉറപ്പായിരുന്നു. 104 സീറ്റുകളിലാണ് ഇപ്പോൾ ബി.ജെ.പി ലീഡ് ചെയ്യുന്നത്. കോൺഗ്രസാവട്ടെ 71 സീറ്റുകളിലും. ഇവിടെ 19 സീറ്റുകളിൽ മറ്റുള്ളവരും ബി.എസ്പി രണ്ടും ആർ.എൽ.ഡി ഒരു സീറ്റിലും മുന്നിട്ട് നിൽക്കുന്നു. ഛത്തീസ്ഗഡിൽ അപ്രതീക്ഷിത മുന്നേറ്റമാണ് ബിജെപി നടത്തിയത്. 54 സീറ്റിൽ ബിജെപി മുന്നേറുമ്പോൾ 34 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ കോൺഗ്രസ് ആണ് മുന്നേറിയത്. എന്നാൽ എക്‌സിറ്റ് പോളുകളെയും തള്ളിക്കൊണ്ട് മികച്ച മുന്നേറ്റമാണ് ബിജെപി നടത്തിയത്. കോൺഗ്രസ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ പോലും ഇവിടെ കഷ്ടപ്പെടുകയാണ്. മാറിയും മറിഞ്ഞുമാണ് പാടനിലെ അദ്ദേഹത്തിന്റെ ലീഡ് നില. 

തെലങ്കാന മാത്രമാണ് കോൺഗ്രസിന് ആശ്വാസമാകുന്നത്. 69 സീറ്റുകളിലാണ് ഇവിടെ കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ചന്ദ്രശേഖര റാവുവന്റെ ബി.ആർ.എസ് ലീഡ് ചെയ്യുന്നത് 38 സീറ്റുകളിലും. അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം ഏഴ് സീറ്റിലും ബി.ജെ.പി ഏഴ് സീറ്റിലും മുന്നിട്ട് നിൽക്കുകയാണ്. നാല് സംസ്ഥാനങ്ങളിലായി പതിനേഴ് കോടിയിലധികം ജനങ്ങളാണ് വിധിയെഴുതിയത്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പു നടന്നത്. ഇതിൽ മിസോറമിലെ വോട്ടെണ്ണൽ തിങ്കളാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്. ആറുമാസത്തിനകം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് വിശേഷിപ്പിക്കാവുന്ന തിരഞ്ഞെടുപ്പിൽ വിജയം ആർക്കൊപ്പമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. മധ്യപ്രദേശിൽ 230. ഛത്തീസ്ഗഡിൽ 90,  തെലങ്കാന 119, രാജസ്ഥാൻ 199 സീറ്റുകളിലേക്കാണ് ജനവിധി.

article-image

dfvxdf

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed