തെലങ്കാന സർക്കാരിന് തിരിച്ചടി; കർഷകർക്കുള്ള ധനസഹായ വിതരണം നിർത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ
തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതി സർക്കാരിന് തിരിച്ചടി. കർഷകർക്കുള്ള ധനസഹായ വിതരണം തുടരാൻ സർക്കാരിന് നൽകിയ അനുമതി തെരഞ്ഞെടുപ്പ് കമ്മീഷൻ പിൻവലിച്ചു. റാവു മന്ത്രിസഭയിലെ ധനമന്ത്രി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.
റാബി കർഷകർക്ക് ധനസഹായം വിതരണം ചെയ്യുന്ന പദ്ധതിയാണ് ‘ഋതു ബന്ധു’. നവംബർ 28ന് മുമ്പ് പദ്ധതിക്ക് കീഴിലുള്ള തുക വിതരണം ചെയ്യാൻ സംസ്ഥാന സർക്കാരിന് ഇസി അനുമതി നൽകിയിരുന്നു. നവംബർ 30ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പെരുമാറ്റച്ചട്ട കാലയളവിലും പദ്ധതി തുടരുന്നതിനുള്ള വ്യവസ്ഥകൾ കമ്മീഷൻ മുന്നോട്ടുവച്ചിരുന്നു. ധനസഹായ വിതരണം പരസ്യപ്പെടുത്തരുത് എന്നതായിരുന്നു വ്യവസ്ഥകളിൽ ഏറ്റവും പ്രധാനം.
എന്നാൽ കർഷകർക്കുള്ള ധനസഹായ വിതരണം സംബന്ധിച്ച് ധനമന്ത്രി പരസ്യ പ്രഖ്യാപനം നടത്തിയിരുന്നു. തിങ്കളാഴ്ച മുതൽ ധനസഹായ വിതരണം ആരംഭിക്കും. കർഷകർ പ്രഭാതഭക്ഷണവും ചായയും കഴിയുന്നതിന് മുമ്പ് തന്നെ തുക അവരുടെ അക്കൗണ്ടിൽ എത്തുമെന്നുമായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. തുടർന്ന് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു.
ബിആർഎസ് നേതാക്കൾ വോട്ടർമാരെ സ്വാധീനിക്കാനുള്ള ഉപകരണമായി ഇസിയുടെ അനുമതി ഉപയോഗിക്കുകയാണെന്ന് സിഇസി രാജീവ് കുമാറിന് അയച്ച കത്തിൽ കോൺഗ്രസ് ഉന്നയിക്കുന്നു. ഇതേത്തുടർന്നാണ് കർഷകർക്കുള്ള സാമ്പത്തിക സഹായ വിതരണം താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടത്.
ADSADSADSADSADSAADS