രാഹുലിന്റെ രാവണൻ പോസ്റ്റർ; ബിജെപി അധ്യക്ഷനെതിരെ കോൺഗ്രസ് നേതാവിൻ്റെ ഹർജി
രാഹുൽ ഗാന്ധിയെ ‘പുതിയ യുഗ രാവണൻ’ ആയി ചിത്രീകരിച്ച ബിജെപി പോസ്റ്ററിനെതിരെ നിയമനടപടിക്കൊരുങ്ങി കോൺഗ്രസ്. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയ്ക്കും പാർട്ടിയുടെ ഐടി സെൽ ചുമതലയുള്ള അമിത് മാളവ്യയ്‌ക്കുമെതിരെ കോൺഗ്രസ് നേതാവ് കോടതിയെ സമീപിച്ചു.
കോൺഗ്രസ് രാജസ്ഥാൻ ഘടകം ജനറൽ സെക്രട്ടറി ജസ്വന്ത് ഗുർജറാണ് ഹർജി നൽകിയിരിക്കുന്നത്. ബിജെപി നേതാക്കൾക്കെതിരെ ഐപിസി സെക്ഷൻ 499 (മറ്റൊരാൾക്കെതിരെ തെറ്റായ ആരോപണം), 500 (അപകീർത്തിപ്പെടുത്തൽ), 504 (മനഃപൂർവം അപമാനിക്കൽ) എന്നിവ പ്രകാരം കേസെടുക്കണമെന്ന് ജസ്വന്ത് ഗുർജാർ തന്റെ ഹർജിയിൽ ആവശ്യപ്പെടുന്നു.
ജയ്പൂർ മെട്രോപൊളിറ്റൻ കോടതി-11-ലാണ് ജസ്വന്ത് ഗുർജാർ ഹർജി സമർപ്പിച്ചത്. ഒക്ടോബർ 9ന് ഹർജിയിൽ വാദം കേൾക്കാനാണ് കോടതിയുടെ തീരുമാനം. പുരാണകഥാപാത്രമായ രാവണനായി രാഹുൽ ഗാന്ധിയെ ചിത്രീകരിക്കുന്ന പോസ്റ്ററിട്ടാണ് ബിജെപി വിവാദങ്ങൾക്ക് തുടക്കമിട്ടത്. ബിജെപിയുടെ ഔദ്യോഗിക ഹാൻഡിലിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററിൽ രാഹുൽഗാന്ധിക്കു കുറേ തലകൾ ചേർത്തു വച്ച് ‘രാവൺ’ എന്നാണ് പേര്. കോൺഗ്രസ് പാർട്ടി വക നിർമാണം, സംവിധാനം ജോർജ് സോറോസ് എന്നുമുണ്ട്. നേരത്തേ മോദി സർക്കാരിനെ വിമർശിച്ച യുഎസ് വ്യവസായിയാണ് ജോർജ് സോറോസ്. പുതുയുഗ രാവൺ എത്തി. ദുഷ്ടശക്തി, മതവിരുദ്ധൻ, രാമവിരുദ്ധൻ എന്നും ബിജെപി ട്വീറ്റ് ചെയ്തു.
adsadsadsadsad