കാഷ്മീർ പ്രശ്നം ഇന്ത്യയും പാക്കിസ്ഥാനും ചർച്ചയിലൂടെ പരിഹരിക്കണമെന്ന് തുർക്കി പ്രസിഡന്‍റ്
ഐക്യരാഷ്‌ട്രസഭയിൽ കാഷ്മീർ വിഷയം വീണ്ടും ഉന്നയിച്ച് തുർക്കി പ്രസിഡന്‍റ് റെസിപ് തയ്യിപ് എർദോഗൻ. ഏഷ്യൻ മേഖലയിലെ സമാധാനത്തെക്കുറിച്ചു പറയുന്പോൾ കാഷ്മീർ പ്രശ്നം ഇന്ത്യയും പാക്കിസ്ഥാനും ചർച്ചയിലൂടെ പരിഹരിക്കണമെന്ന് എർദോഗൻ ആവശ്യപ്പെടുകയായിരുന്നു. ചർച്ചയിലൂടെയും സഹകരണത്തിലൂടെയും കാഷ്മീരിൽ സമാധാനം സ്ഥാപിക്കാനാകും. ദക്ഷിണേഷ്യൻ മേഖലയിൽ ശാന്തിയും സ്ഥിരതയും ഉറപ്പാക്കാൻ ഇതുവഴി കഴിയും. തുർക്കിയുടെ പൂർണപിന്തുണ ഇതിനുണ്ടാകും.
യുഎൻ രക്ഷാസമിതിയിലെ പരിഷ്കാരങ്ങളിൽ ഇന്ത്യയുടെ പങ്ക് പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് സ്ഥിരാംഗങ്ങൾക്കൊപ്പം 15 അംഗരാജ്യങ്ങൾക്കും ഊഴമനുസരിച്ച് സ്ഥിരാംഗത്വം നൽകണമെന്ന നിർദേശവും എർദോഗൻ മുന്നോട്ടുവച്ചു. അടുത്തിടെ ഡൽഹിയിൽ ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് കാഷ്മീർ പ്രശ്നം എർദോഗൻ വീണ്ടും യുഎന്നിൽ ഉന്നയിക്കുന്നത്. ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്താൻ ജി20 ഉച്ചകോടിക്കിടെ നടത്തിയ കൂടിക്കാഴ്ചയിൽ ഇരുനേതാക്കളും ധാരണയിലെത്തിയിരുന്നു. 2020 ലെ യുഎൻ സമ്മേളനത്തിൽ കാഷ്മീരിനെക്കുറിച്ചുള്ള എർദോഗന്‍റെ പ്രസ്താവന ഇന്ത്യയുടെ ശക്തമായ എതിർപ്പ് ക്ഷണിച്ചുവരുത്തിയിരുന്നു.
g