പ്രവര്‍ത്തകസമിതിയോഗം അവസാനിച്ചു; വ്യക്തിപരമായ താത്പര്യങ്ങള്‍ മാറ്റിവച്ച് ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് ഖാർഗെ
വ്യക്തിപരമായ താത്പര്യങ്ങള്‍ മാറ്റിവച്ച് തെരഞ്ഞെടുപ്പില്‍ എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് വിശാല പ്രവര്‍ത്തകസമിതി യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുകയും രാജ്യത്ത് ഒരു ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശുഷ്‌കാന്തിയോടെ പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യം. മോദി സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും പുതിയ കാര്യങ്ങള്‍ കൊണ്ടുവന്ന് അടിസ്ഥാന വിഷയങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുകയാണെന്നും ഖാര്‍ഗെ ആരോപിച്ചു. പാര്‍ട്ടി നേതാക്കള്‍ ഇത്തരം അശ്രദ്ധകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും യഥാര്‍ത്ഥ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വോട്ടര്‍മാരുമായി ബന്ധം നിലനിര്‍ത്താനും എതിരാളികള്‍ പ്രചരിപ്പിക്കുന്ന തെറ്റായ വിവരണങ്ങളെ വസ്തുതകള്‍ ഉപയോഗിച്ച് ഉടനടി നേരിടാനും ഖാര്‍ഗെ നിര്‍ദേശം നല്‍കി. അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആറ് മാസം മാത്രമാണ് ശേഷിക്കുന്നതെന്നും ഖാര്‍ഗെ ഓര്‍മിപ്പിച്ചു. തെരഞ്ഞെടുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക അടക്കമുള്ള ലക്ഷ്യങ്ങളോടെ ഹൈദരാബാദില്‍ ചേര്‍ന്ന വിശാല പ്രവര്‍ത്തകസമിതിയോഗം അവസാനിച്ചു. ഇന്ത്യ മുന്നണിയിലെ വിവിധ പാര്‍ട്ടികളുമായി എങ്ങനെ സഹകരിക്കണമെന്ന് അടക്കമുള്ള കാര്യങ്ങളില്‍ പാര്‍ട്ടിയുടെ പ്രാദേശിക ഘടകങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും യോഗത്തില്‍ അവസരമുണ്ടായിരുന്നു.