യു.പിയിലെ ഘോസി ഉപതെരഞ്ഞെടുപ്പിൽ എസ്.പി മുന്നേറുന്നു, ബി.ജെ.പി മങ്ങുന്നു
ലഖ്നോ: യു.പിയിലെ ഘോസി നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ എസ്.പി മുന്നേറ്റം. കഴിഞ്ഞ തവണ എസ്.പി ടിക്കറ്റിൽ മത്സരിച്ച് ജയിച്ച നേതാവിനെ സ്ഥാനാർഥിയാക്കിയുള്ള ബി.ജെ.പി പ്രതീക്ഷകൾക്കാണ് തിരിച്ചടിയേറ്റത്. വോട്ടെണ്ണൽ മൂന്ന് റൗണ്ട് പിന്നിട്ടപ്പോൾ എസ്.പിയുടെ സുധാകർ സിങ് 1992 വോട്ടിന് മുന്നിലാണ്. സുധാകർ സിങ്ങിന് 10,334 വോട്ടും ബി.ജെ.പി സ്ഥാനാർഥി ധാരാ സിങ് ചൗഹാന് 8342 വോട്ടുമാണ് ലഭിച്ചത്. കഴിഞ്ഞ തവണ എസ്.പി സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ചയാളാണ് ധാരാ സിങ് ചൗഹാൻ. ഒന്നാം യോഗി ആദിത്യനാഥ് സർക്കാറിൽ കാബിനറ്റ് മന്ത്രിയായിരുന്ന ചൗഹാൻ 2022ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പാർട്ടി വിട്ട് എസ്.പി സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചത്. കഴിഞ്ഞ ജൂലൈയിൽ രാജിവെച്ച് തിരികെ ബി.ജെ.പിയിലേക്ക് തന്നെ മടങ്ങിയതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ചൗഹാനെ ബി.ജെ.പി ഇത്തവണ സ്ഥാനാർഥിയാക്കുകയായിരുന്നു. ഘോസിയിലെ വിജയം ഇൻഡ്യ മുന്നണിക്ക് നിർണായകമാണ്. പുതുപ്പള്ളി ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിലെ ഏഴ് മണ്ഡലങ്ങളിലാണ് ഇന്ന് നിയമസഭ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നടക്കുന്നത്. സഖ്യത്തിന്‍റെ അടിസ്ഥാനത്തിലല്ല മത്സരമെങ്കിലും, ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാനായി രൂപംകൊണ്ട പുതിയ പ്രതിപക്ഷ സഖ്യമായ 'ഇൻഡ്യ'ക്ക് ഇന്നത്തെ ഫലങ്ങൾ കരുത്ത് തെളിയിക്കാനുള്ള അവസരമാണ്.
ASDADSADSADSASD