ചന്ദ്രയാൻ-3 കൗൺഡൗൺ തുടങ്ങി

ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ -3 വിക്ഷേപണത്തിന് സജ്ജമായി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശകേന്ദ്രത്തിൽ നിന്നാണ് വിക്ഷേപണം. ഇതിനുമുന്നോടിയായി വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗണ്‍ ഉച്ചയ്ക്ക് 1.05ന് തുടങ്ങി. 25 മണിക്കൂറും 30 മിനിറ്റുമാണ് കൗണ്ട്ഡൗൺ നീളുക. കൗണ്ട്ഡൗണിൽ ഇന്ധനം നിറയ്ക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. എൽവിഎം-3 റോക്കറ്റ് ദൗത്യത്തിന് പൂർണസജ്ജമെന്ന് ഐഎസ്ആർഒയും അറിയിച്ചു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു 2.35 നാണ് വിക്ഷേപണം. ഏകദേശം 3.84 ലക്ഷം കിലോമീറ്റർ സഞ്ചരിക്കുന്ന ദൗത്യത്തിലെ ലാൻഡർ ഓഗസ്റ്റ് 23ന് അല്ലെങ്കിൽ 24ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങുമെന്നാണു പ്രതീക്ഷ.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പ്രൊപ്പൽഷൻ മൊഡ്യൂൾ, ലാൻഡർമൊഡ്യൂൾ, റോവർ എന്നിവ ചേർന്നതാണ് ചന്ദ്രയാൻ 3 ദൗത്യം. ലാൻഡർ മൊഡ്യൂൾ ചന്ദ്രനിലേക്ക് ഇറങ്ങുന്പോൾ റോവറാണ് ചന്ദ്രന്‍റെ ഉപരിതലത്തിലൂടെ സഞ്ചരിക്കുക. ലാൻഡറും റോവറും ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തിക്കുകയെന്നതാണ് പ്രൊപ്പൽഷൻ മൊഡ്യൂളിന്‍റെ ദൗത്യം. ദൗത്യം വിജയിച്ചാൽ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. 43.5 മെട്രിക് ടൺ ഭാരമുള്ള എൽവിഎം 3 റോക്കറ്റിലാണ് ചന്ദ്രയാൻ 3 ഘടിപ്പിച്ചിട്ടുള്ളത്. ആറു വിജയകരമായ ദൗത്യങ്ങൾ പൂർത്തിയാക്കിയ റോക്കറ്റാണ് "ഫാറ്റ് ബോയി' എന്ന് ഐഎസ്ആർഒ ശാസ്ത്രജ്ഞർ വിളിക്കുന്ന എൽവിഎം 3.
adsadsds