പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി മോദി; ചെങ്കോൽ സ്ഥാപിച്ചു
പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തിയതോടെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമായി. പൂജകള്‍ക്ക് ശേഷം പ്രധാനമന്ത്രി പുതിയ മന്ദിരത്തില്‍ ചെങ്കോല്‍ സ്ഥാപിക്കുകയും ചെയ്തു. ഇപ്പോള്‍ ഡല്‍ഹിയില്‍ ഉദ്ഘാടന ചടങ്ങുകളുടെ ഭാഗമായുള്ള സര്‍വമത പ്രാര്‍ത്ഥന പുരോഗമിക്കുകയാണ്. ചെങ്കോല്‍ സ്ഥാപിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ഫലകവും അനാച്ഛാദനം ചെയ്തു. ചെങ്കോല്‍ സ്ഥാപിച്ചതിന് ശേഷം നിര്‍മാണ തൊഴിലാളികളേയും പ്രധാനമന്ത്രി നരേന്ദ്രമോദി ആദരിച്ചു. പുതിയ പാര്‍ലമെന്റ് നിര്‍മിച്ച തൊഴിലാളികളുടെ പ്രതിനിധികളുടെ അടുത്തെത്തി പ്രധാനമന്ത്രി ആദരവ് അറിയിക്കുകയായിരുന്നു. പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ പൂജകള്‍ നടത്തിയശേഷം ചെങ്കോല്‍ പാര്‍ലമെന്റിനകത്ത് ലോക്‌സഭാ സ്പീക്കറുടെ ഇരിപ്പടത്തിന് സമീപം പ്രധാനമന്ത്രി സമര്‍പ്പിച്ചു. മേളങ്ങളുടേയും പ്രാര്‍ത്ഥനകളുടേയും അകമ്പടിയോടെയാണ് പ്രധാനമന്ത്രി ചെങ്കോല്‍ സ്ഥാപിച്ചത്. ശേഷം പ്രധാനമന്ത്രിയും ലോക്‌സഭാ സ്പീക്കറും ഭദ്രദീപത്തിന് തിരികൊളുത്തി. ചെങ്കോലില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി കൈകൂപ്പി തൊഴുതു. അതിനുശേഷം പ്രധാനമന്ത്രി പുരോഹിതരെ വണങ്ങുകയും അനുഗ്രഹം സ്വീകരിക്കുകയും ചെയ്തു.
തമിഴ്‌നാട്ടില്‍ നിന്നെത്തിയ ശൈവമഠ പുരോഹിതര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസിതിയില്‍ വച്ചാണ് ചെങ്കോല്‍ കൈമാറിയിരുന്നത്. 21 ആത്മീയ ആചാര്യന്മാരാണ് ഇപ്പോള്‍ പൂജകളുടേയും പ്രാര്‍ത്ഥനകളുടേയും ഭാഗമാകുന്നത്. ചടങ്ങുകളില്‍ പങ്കെടുക്കുന്ന പുരോഹിതരെ അധിനം എന്നാണ് വിളിക്കുന്നത്. ധര്‍മ്മപുരം, തിരുവാടുതുറൈ മുതലായ പ്രദേശങ്ങളില്‍ നിന്നാണ് പുരോഹിതരെത്തിയത്. ധര്‍മപുരം അധീനം, പളനി അധീനം, വിരുതാജലം അധീനം, തിരുകോയിലൂര്‍ അധീനം തുടങ്ങിയവയുടെ മഠാധിപതികള്‍ ഉള്‍പ്പെടെയാണ് ചടങ്ങിന്റെ ഭാഗമാകുന്നത്. പ്രധാനമന്ത്രിയ്‌ക്കൊപ്പം ലോക്‌സഭാ സ്പീക്കര്‍ ഓം ബില്‍ളയും പൂജാ ചടങ്ങുകളില്‍ പങ്കെടുത്തു.
adsadads