വീണ്ടും സംഘർഷഭരിതമായി മണിപ്പൂർ: ഒരാൾ കൊല്ലപ്പെട്ടു, മന്ത്രിയുടെ വീട് തകർത്തു
മണിപ്പൂരിൽ വീണ്ടും സംഘർഷം. ബിഷ്ണുപൂർ, ചുരാചന്ദ്പൂർ ജില്ലകളുടെ അതിർത്തിയിൽ നടന്ന പുതിയ ആക്രമണത്തിൽ ഒരാൾ വെടിയേറ്റു മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. മണിപ്പൂർ പൊതുമരാമത്ത് മന്ത്രി കൊന്തൗജം ഗോവിന്ദാസിന്റെ ബിഷ്ണുപൂർ ജില്ലയിലെ വീടും അക്രമികൾ തകർത്തു. സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ കർഫ്യൂ ഇളവുകൾ പിൻവലിച്ചു. അതേസമയം സംസ്ഥാനത്തേക്ക് കൂടുതൽ കേന്ദ്രസേനയെ അയക്കണമെന്ന് മുഖ്യമന്ത്രി ബിരേൻ സിങ് ആവശ്യപ്പെട്ടു.
മണിപ്പൂരിൽ ബിഷ്ണുപൂർ ജില്ലയിൽ വീണ്ടും സംഘർഷമുണ്ടായത്. ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞിരുന്ന തൊയിജം ചന്ദ്രമണി എന്ന 29 കാരനെയാണ് തോക്കുകളുമായെത്തിയ അക്രമികൾ വെടിവച്ച് കൊലപ്പെടുത്തിയത്. ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിങ്ടൗഖോങ് നഗരത്തിൽ, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി കൊന്തൗജം ഗോവിന്ദാസിന്റെ വസതി ഒരു സംഘം അക്രമികൾ തകർക്കുകയും കൊള്ളയടിക്കുകയും ചെയ്തു.
ബിഷ്ണുപൂർ ജില്ലയിൽ നടന്ന മറ്റൊരു സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പുതിയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ബിഷ്ണുപൂർ, ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ് എന്നീ മൂന്ന് ജില്ലകളിലെ കർഫ്യൂ ഇളവ് ജില്ലാ അധികൃതർ റദ്ദാക്കി. രാവിലെ 5 മുതൽ വൈകിട്ട് 4 വരെയാണ് കർഫ്യൂവിൽ ഇളവ് നൽകിയിരുന്നത്. ബിഷ്ണുപൂരിലെ ഫൗബക്‌ചാവോയിലെ ഏഴ് വീടുകൾ ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ കത്തിനശിച്ചതായി പൊലീസ് അറിയിച്ചു. സമാധാനം പുനഃസ്ഥാപിക്കാൻ കൂടുതൽ കേന്ദ്ര സേനയെ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് പറഞ്ഞു.
സംസ്ഥാനത്ത് ഒരു മാസത്തോളമായി തുടരുന്ന സംഘർഷത്തിൽ 71 പേർ കൊല്ലപ്പെടുകയും പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 300 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 1,700 വീടുകളും ഇരുന്നൂറിലധികം വാഹനങ്ങളും തകർക്കപ്പെട്ടു.