രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി; സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ഇന്ന് കോണ്‍ഗ്രസിന്റെ പ്രതിഷേധം
രാഹുൽ ഗാന്ധിയെ അയോഗ്യനായ നടപടിക്കെതിരെ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധം. ജില്ലാ അടിസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തമാക്കും. തിങ്കളാഴ്ച മുതൽ രാജ്യവ്യാപക പ്രതിഷേധത്തിനാണ് എഐസിസി ആഹ്വാനം ചെയ്തിരിക്കുന്നത്.രാഹുൽഗാന്ധി ഇന്ന് മാധ്യമങ്ങളെ കാണും. ഉച്ചയ്ക്ക് ഒരു മണിക്ക് എഐസിസി ആസ്ഥാനത്താണ് വാർത്താസമ്മേളനം. എംപി സ്ഥാനത്തുനിന്ന് അയോഗ്യനായ ശേഷമുള്ള ആദ്യ വാർത്ത സമ്മേളനമാണിത്. സൂറത്ത് കോടതി വിധിക്കെതിരെ മേൽ കോടതിയെ കോണ്‍ഗ്രസ് ഉടന്‍ സമീപിക്കും. സൂറത്ത് കോടതിയുടെ ശിക്ഷവിധി മേൽകോടതി സ്റ്റേ ചെയ്താൽ മാത്രമേ രാഹുലിന് അയോഗ്യത നീങ്ങൂ.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധ പരിപാടി ആസൂത്രണം ചെയ്തിരിക്കുകയാണ് കോണ്‍ഗ്രസ്. ‘സേവ് ഡെമോക്രസി’ മൂവ്‌മെന്റിനാണ് കോണ്‍ഗ്രസ് രൂപം നൽകിയിരിക്കുന്നത്. പാർട്ടി അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെയുടെ നേതൃത്വത്തിൽ കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, പി ചിതംബരം എന്നിവരുൾപ്പെടെ ചേർന്ന യോഗത്തിലാണ് പ്രതിഷേധം സംബന്ധിച്ച് തീരുമാനമായത്.
മാനനഷ്ടക്കേസിലെ സൂറത്ത് കോടതി വിധിയ്ക്ക് പിന്നാലെയാണ് രാഹുൽ ഗാന്ധിയെ എം പി സ്ഥാനത്തിന് അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കിയത്. വിധിയുടെ പശ്ചാത്തലത്തിൽ രാഹുൽ എം പി സ്ഥാനത്തിന് ഇന്നലെ മുതൽ അയോഗ്യനാണെന്നാണ് വിജ്ഞാപനം. വിവാദങ്ങൾക്കിടെ രാഹുൽ ഇന്ന് സഭയിലെത്തിയിരുന്നു. ഇതേത്തുടർന്ന് പാർലമെന്റ് പ്രക്ഷുബ്ധമായതിന് പിന്നാലെയാണ് ലോക്‌സഭ നിർണായകമായ ഉത്തരവ് പുറത്തിറക്കിയിരുന്നത്. നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിവരം.
ജോയിന്റ് സെക്രട്ടറി പിസി ത്രിപാഠി ഒപ്പുവച്ചുകൊണ്ടുള്ള വിജ്ഞാപനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. സെക്രട്ടറി ജനറൽ ഉത്പൽ കുമാർ സിംഗിനായാണ് വിജ്ഞാപനം. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ എട്ട് അനുസരിച്ച് ആണ് രാഹുലിനെ എംപി സ്ഥാനത്തിന് അയോഗ്യനാക്കിയിരിക്കുന്നതെന്ന് വിജ്ഞാപനത്തിലൂടെ ലോക്‌സഭാ സെക്രട്ടറിയേറ്റ് വ്യക്തമാക്കി.
setydry