രാഹുൽഗാന്ധിയുടെ എംപി ഓഫീസിന്റെ പ്രവർത്തനം നിലയ്ക്കില്ലെന്ന് ഡിസിസി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ
രാഹുൽഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫീസ് പ്രവർത്തനം നിലയ്ക്കില്ലെന്ന് ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ. എംപി ഫണ്ട് നിലയ്ക്കും എന്ന തരത്തിലുള്ള പ്രചാരണവും തെറ്റാണ്. അഭിഭാഷകർ വ്യക്തമാക്കുന്ന കാര്യമാണിത്. ഇന്നലെ രാത്രിയും ഇക്കാര്യങ്ങൾ രാഹുലുമായി ബന്ധപ്പെട്ട് ചർച്ച ചെയ്തിരുന്നു. ഉപതിരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന ആശങ്കയും ജില്ലാ കോൺഗ്രസ് കമ്മിറ്റിക്ക് ഇല്ലെന്നും എൻഡി അപ്പച്ചൻ മാധ്യമങ്ങളോട് പറഞ്ഞു. 2019ലെ തെരഞ്ഞെടുപ്പ് പ്രസംഗത്തിൽ മോദി സമുദായത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയതിന് മാർച്ച് 23നാണ് രാഹുൽ ഗാന്ധിയെ സൂറത്ത് ജില്ലാ കോടതി രണ്ട് വർഷം തടവിന് ശിക്ഷിച്ചത്. തുടർന്ന് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിക്കൊണ്ട് മാർച്ച് 24ന് ഉത്തരവും ഇറങ്ങി. ഈ വിധിയിൽ രാഹുൽ ഗാന്ധിക്ക് മേൽകോടതിയിൽ അപ്പീൽ പോകാം. മേൽക്കോടതി ശിക്ഷ ഇളവ് ചെയ്യുകയോ, നടപടി സ്റ്റേ ചെയ്യുകയോ ചെയ്തില്ലെങ്കിൽ വയനാട് ഉപതെരഞ്ഞെടുപ്പിലേക്ക് കടക്കും.
അതേസമയം വയനാട്ടിൽ ഉപതിരഞ്ഞെടുപ്പുണ്ടായാൽ നേരിടാൻ തയ്യാറാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഏത് സമയത്ത് ഏത് തിരഞ്ഞെടുപ്പ് വന്നാലും പാർട്ടി നേരിടാൻ തയ്യാറാണെന്നും എന്നാൽ ഉപ തെരഞ്ഞെടുപ്പിലേക്ക് പോകില്ല എന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഉണ്ടായാൽ ഇപ്പോൾ സ്വീകരിച്ച സമീപനമാകില്ല, പ്രതിപക്ഷ പാർട്ടികൾ സ്വീകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ ഭരണഘടനാ സംവിധാനങ്ങളെയും ഉപയോഗിച്ചുകൊണ്ട് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. കോടതി വിധി അന്തിമമല്ല. ഏത് വിധേനയും പ്രതിപക്ഷ പാർട്ടി നേതൃത്വത്തെ പാർലമെന്റിൽ നിന്നും ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. രാഹുൽ ഗാന്ധി വിഷയത്തിൽ സിപിഐഎമ്മും തെരുവിൽ പ്രതിഷേധിക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
tdfyg