രാഹുലിനെ അയോഗ്യനാക്കാൻ ബി.ജെ.പി എല്ലാ ശ്രമങ്ങളും നടത്തി; കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ
രാഹുലിനെ അയോഗ്യനാക്കാൻ ബി.ജെ.പി എല്ലാ ശ്രമങ്ങളും നടത്തിയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. അദാനി വിഷയത്തിൽ ജെ.പി.സി അന്വേഷണമെന്ന ആവശ്യം ആവർത്തിക്കും. ആവശ്യമെങ്കിൽ ജനാധിപത്യം സംരക്ഷിക്കാൻ ജയിലിൽ പോകുമെന്നും ഖാർഗെ പറഞ്ഞു. ബി.ജെ.പി സർക്കാരിന്‍റെ ജനാധിപത്യ വിരുദ്ധ, ഏകാധിപത്യ മനോഭാവത്തിന്റെ വ്യക്തമായ ഉദാഹരണമാണ് ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പ്രതികരിച്ചു. അദാനിക്കെതിരെ ചോദ്യങ്ങൾ ഉന്നയിച്ച ദിവസമാണ് രാഹുൽ ഗാന്ധിയെ നിശബ്ദരാക്കാനുള്ള ഗൂഢാലോചന ആരംഭിച്ചതെന്നും വേണുഗോപാൽ വ്യക്തമാക്കി.
സൂറത്ത് കോടതി തടവുശിക്ഷ വിധിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്സഭ അംഗത്വം റദ്ദാക്കിയത്. ലോക്സഭ സെക്രട്ടേറിയറ്റ് ആണ് അംഗത്വം റദ്ദാക്കി കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയത്. കോടതി വിധി പുറപ്പെടുവിച്ച ഇന്നലെ (മാർച്ച് 23) മുതൽ രാഹുൽ അയോഗ്യനാണെന്ന് വിജ്ഞാപനത്തിൽ പറയുന്നു.
അംഗത്വം റദ്ദാക്കിയ സാഹചര്യത്തിൽ രാഹുൽ ഗാന്ധി ഇനി ലോക്സഭയിൽ പ്രവേശിക്കാനോ നടപടികളിൽ ഭാഗമാകാനോ പാടില്ലെന്ന് സെക്രട്ടേറിയറ്റ് വ്യക്തമാക്കി. ഭരണഘടനയുടെ ആർട്ടിക്ൾ 102(1)(ഇ)ഉം ജനപ്രാതിനിധ്യ നിയമം സെക്ഷൻ എട്ട് പ്രകാരവുമാണ് നടപടി.
56de