ബിൽക്കിസ് ബാനു കേസ്; പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന് സുപ്രീം കോടതി
ബിൽക്കിസ് ബാനു കേസിലെ പ്രതികളെ ജയിൽ മോചിതരാക്കിയതിനെതിരെ നൽകിയ ഹർജി പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, പിഎസ് നരസിംഹ, ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് രൂപീകരിക്കുക. വിഷയം അടിയന്തരമായി കേൾക്കണമെന്നും വിഷയം നാല് തവണ പരിഗണിച്ചതാണെന്നും ഇതുവരെ പ്രാഥമിക വാദം കേട്ടിട്ടില്ലെന്നും ബാനുവിന്റെ അഭിഭാഷക ശോഭ ഗുപ്ത പറഞ്ഞു. 2022 ആഗസ്റ്റ് 16നാണ് ബിൽക്കിസ് ബാനു കൂട്ട ബലാത്സംഗക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 പ്രതികളെ ഗുജറാത്ത് സർക്കാർ വിട്ടയച്ചത്. പ്രതികളുടെ മോചനവുമായി ബന്ധപ്പെട്ട് ബിൽക്കിസ് ബാനു നൽകിയ പുനഃപരിശോധന ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് പുനഃപരിശോധനാ ഹർജി തള്ളിയത്. 15 വർഷം ജയിലിൽ കഴിഞ്ഞെന്നും നല്ലനടപ്പായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികളുടെ മോചനം.
2002 മാർച്ച് മൂന്നിനാണ് ആറ് മാസം ഗർഭിണിയായിരുന്ന ബിൽക്കിസ് ബാനുവിനെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. ഗുജറാത്തിലെ ദഹോദ് ജില്ലയിലുണ്ടായ വർഗീയ ആക്രമണത്തിനിടെയായിരുന്നു അക്രമം. ഗർഭസ്ഥ ശിശുവും ബാനുവിന്റെ കുടുംബത്തിലെ മറ്റ് ആറുപേരും അക്രമികളാൽ കൊല്ലപ്പെട്ടു. 2008 ജനുവരി 21ന് മുംബൈ പ്രത്യേക കോടതി പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പിന്നീട് സുപ്രീം കോടതി ശിക്ഷ ശരിവെക്കുകയായിരുന്നു. 2002ലെ ഗുജറാത്ത് കലാപത്തിൽ ബിൽക്കിസ് ബാനോയുടെ കുടുംബത്തിലെ ഏഴുപേരും കൊല്ലപ്പെട്ടിരുന്നു.
647