‘മോദി വിദേശരാജ്യങ്ങളിൽ ഇന്ത്യയെ അപമാനിച്ചു’; വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് കോണ്‍ഗ്രസ്
ഇന്ത്യന്‍ ജനാധിപത്യത്തെ രാഹുൽ ഗാന്ധി അപമാനിച്ചുവെന്ന ബിജെപിയുടെ ആരോപണത്തിൽ തിരിച്ചടിച്ച് കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി വിദേശ രാജ്യങ്ങളിൽ മുന്‍ കോണ്‍ഗ്രസ് സർക്കാരിനെ അവഹേളിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കോണ്‍ഗ്രസ് പുറത്തുവിട്ടു. കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനാതെയാണ് നരേന്ദ്ര മോദി ഇന്ത്യയെ അപമാനിക്കുന്ന തരത്തിൽ സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ രാജ്യങ്ങളിൽ എപ്പോഴും ഇന്ത്യയെ അപമാനിക്കുകയാണ് ചെയ്തത് എന്ന അടിക്കുറിപ്പോടെ എട്ട് വീഡിയോ ദൃശ്യങ്ങളാണ് ട്വിറ്ററിൽ പങ്കുവെച്ചത്. മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള ആദ്യ വർഷങ്ങളിലുള്ള മിക്ക പ്രസംഗങ്ങളും മന്‍മോഹന്‍ സിംഗ് സർക്കാരിനെ വിമർശിച്ചു കൊണ്ടാണെന്നും സുപ്രിയ കൂട്ടിച്ചേർത്തു.
ലണ്ടനിലെ കേംബ്രിഡ്ജ് സർവകലാശാലയിലെ സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങളാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ജനാധിപത്യ സംവിധാനങ്ങളെയും പ്രതിപക്ഷത്തെയും തകർക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. ഇന്ത്യന്‍ ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്നും താനടക്കം നിരവധി രാഷ്ട്രീയ പ്രവർത്തകർ നിരീക്ഷണത്തിലാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഇതിനു പിന്നാലെ രാഹുലിനെതിരെ നിരവധി ബിജെപി നേതാക്കൾ രംഗത്തെത്തി. വിഷയത്തിൽ പാർലമെന്റിന്റെ ഇരു സഭകളിലും പ്രതിഷേധങ്ങളുണ്ടാവുകയും ചെയ്തിരുന്നു.
ഇന്ത്യന്‍ ജനാധിപത്യത്തെ കുറിച്ച് ലണ്ടനിൽ നടത്തിയ വിവാദ പരാമർശത്തിൽ രാഹുൽ ഗാന്ധി മാപ്പ് എഴുതി നൽകണമെന്ന് ബിജെപി. സ്പീക്കർക്ക് മാപ്പ് എഴുതി നൽകിയ ശേഷമേ സഭയിൽ രാഹുലിനെ സംസാരിക്കാന്‍ അനുവദിക്കാവൂ എന്ന് പാർലമെന്ററി കാര്യമന്ത്രി പ്രൾഹാദി ജോഷി ആവശ്യപ്പെട്ടു. അതേസമയം പാർലമെന്റിൽ അദാനി വിഷയം ഉന്നയിക്കാന്‍ രാഹുലിനെ ആവശ്യപ്പെട്ട് കോണ്‍ഗ്രസും രംഗത്തെത്തി. രാഹുൽ പാർലമെന്റിന് മുമ്പാകെ മാപ്പ് പറയണമെന്നുമുള്ള ഭരണപക്ഷത്തിന്റെ ആവശ്യം അദാനി വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ ശ്രമമാണെന്ന് കോണ്‍ഗ്രസ് എംപിമാർ കുറ്റപ്പെടുത്തുകയും ചെയ്തിയിരുന്നു.
rgydryh