യാത്രക്കാരെ കയറ്റാതെ വിമാനം പറന്നു; വിശദീകരണം തേടി ഡിജിസിഎ

വിമാനത്തിൽ കയറാൻ എത്തിയ യാത്രക്കാരിൽ 50 ഓളം പേരെ കയറ്റാതെ സർവീസ് നടത്തിയ ഗോ ഫസ്റ്റ് വിമാന കമ്പനിയോട് വിശദീകരണം തേടി ഏവിയേഷൻ റെഗുലേറ്ററി ഏജൻസിയായ ഡിജിസിഎ. ഇന്നലെ രാവിലെ ബംഗളൂരുവിലാണ് സംഭവം. രാവിലെ 6.30ന് കെംപെഗൗഡ വിമാനത്താവളത്തിൽനിന്നും ഡൽഹിക്ക് പുറപ്പെട്ട ജി8 116 വിമാനത്തിൽ കയറാനുള്ള 50 ഓളം യാത്രക്കാരെയാണ് റൺവേയിലെ ബസിൽ ഉപേക്ഷിച്ച് സർവീസ് നടത്തിയത്.
നാല് ബസുകളിലാണ് യാത്രക്കാരെ വിമാനത്തിലേക്ക് എത്തിച്ചുകൊണ്ടിരുന്നത്. 55 യാത്രക്കാർ ഒരുബസിൽ കാത്തിരിക്കേയാണ് ഗോ ഫസ്റ്റ് വിമാനം പുറപ്പെട്ടത്. സംഭവത്തിൽ വിമാന കമ്പനിക്കെതിരെ രൂക്ഷമായ വിമർശനമാണ് യാത്രക്കാർ ഉന്നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വ്യോമയാന മന്ത്രി ജ്യോതിരാദിത്യയേയും ടാഗ് ചെയ്തുകൊണ്ടാണ് യാത്രക്കാർ പരാതി അയച്ചത്.
പരിശോധനകൾ എല്ലാം കഴിഞ്ഞ് ബോർഡിംഗ് പാസും വാങ്ങി വിമാനത്തിൽ കയറാൻ എത്തിയവരെയാണ് കമ്പനി മറന്നുപോയത്. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ദുഃഖമുണ്ടെന്ന് ഗോ ഫസ്റ്റ് എയർലൈൻസ് പിന്നീട് പ്രതികരിച്ചു. വിമാനത്താവളത്തിൽ കുടുങ്ങിപ്പോയ യാത്രക്കാരെ 10 മണിക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ കയറ്റി ഡൽഹിയിലേക്ക് അയച്ചു.
erydry