ഡൽഹിയിൽ 17കാരിക്ക് നേരെ ആസിഡ് ആക്രമണം
ഡൽഹിയിൽ സ്കൂൾ വിദ്യാർഥിനിയായ 17കാരിക്കു നേരെ ആസിഡ് ആക്രമണം. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൗത്ത് വെസ്റ്റ് ഡൽഹിയിലെ ദ്വാരകയിൽ വെച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് പെൺകുട്ടിക്കു നേരെ ആസിഡ് ആക്രമണം നടത്തിയത്. സംഘം പെൺകുട്ടിയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു. ആസിഡ് കണ്ണുകളിലേക്കും തെറിച്ചു. ആക്രമികളെ പെൺകുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരിൽ ഒരാൾ പൊലീസ് കസ്റ്റഡിയിലാണ്. നടുക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. റോഡരികിലൂടെ നടന്നുപോവുകയായിരുന്ന പെൺകുട്ടിക്കു നേരെ ബൈക്കിലെത്തിയ സംഘം ആസിഡ് ഒഴിക്കുകയാണ് ദൃശ്യങ്ങളിൽ. പൊള്ളലേറ്റ പെൺകുട്ടി വേദന കൊണ്ട് പിടഞ്ഞ് നിലവിളിച്ചു കൊണ്ട് ഓടുകയാണ്.
17 ഉം 13ഉം വയസുള്ള തന്റെ പെൺമക്കൾ രാവിലെ ഒരുമിച്ചു പുറത്തുപോയപ്പോഴാണ് ആക്രമണം നടന്നതെന്ന് പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. മുഖം മറച്ചാണ് ആക്രമികൾ എത്തിയത്. സംഭവത്തിൽ ഡൽഹി വനിത കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാൾ നടുക്കം രേഖപ്പെടുത്തി.