ഭീമ കൊറേഗാവ് കേസ്: മരിച്ച സ്റ്റാൻ സ്വാമി നിരപരാധിയെന്ന റിപ്പോർട്ടുമായി അമേരിക്കൻ ഫോറൻസിക് സ്ഥാപനം
ഭീമ കൊറേഗാവ് കേസിൽ കസ്റ്റഡിയിൽ ഇരിക്കവെ മരണപ്പെട്ട ഫാദർ സ്റ്റാൻ സ്വാമി കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആക്ടിവിസ്റ്റായ ഫാദർ സ്റ്റാൻ സ്വാമിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട കേസിലാണ് പുതിയ വഴിത്തിരിവുണ്ടായിരിക്കുന്നത്. തീവ്രവാദ ബന്ധം ആരോപിച്ച് എൻഐഎ സംഘമാണ് സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്തത്. എന്നാൽ സ്വാമിയുടെ മേൽ ആരോപിക്കപ്പെട്ട കുറ്റങ്ങൾ കെട്ടിച്ചമച്ചതാണെന്ന് അമേരിക്കൻ ഫോറൻസിക് സ്ഥാപനം പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു.
കമ്പ്യൂട്ടറിലേക്ക് സ്വാമി അറിയാതെ തന്നെ 44ഓളം വ്യാജ രേഖകൾ ചേർത്തെന്നാണ് റിപ്പോർട്ട്. കമ്പ്യൂട്ടറിലേക്ക് ആക്‌സസ് ലഭിച്ച സൈബർ ഹാക്കറായിരുന്നു ഇതിന്റെ പിന്നിൽ എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. സ്വാമിയുടെ അഭിഭാഷകർ നിയമിച്ച ബോസ്റ്റൺ ആസ്ഥാനമായുള്ള ഫോറൻസിക് സംഘടനയായ ആഴ്‌സണൽ കണ്‍സൾട്ടിംഗ് എന്ന സ്ഥാപനത്തിന്റേതാണ് കണ്ടെത്തൽ. ഗൂഢാലോചനകുറ്റവും സ്വാമിക്കെതിരെ ചുമത്തപ്പെട്ടിരുന്നു. സ്റ്റാൻ സ്വാമിയും മാവോയിസ്റ്റ് നേതാക്കളും തമ്മിലുള്ള ഇലക്ട്രോണിക് കത്തിടപാടുകളെ കേന്ദ്രീകരിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സ്റ്റാൻ സ്വാമിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ വ്യാജമാണെന്ന് കാണിക്കുന്ന രീതിയിലുള്ള തെളിവുകളാണ് ഇപ്പോൾ പുറത്ത് വന്ന്് കൊണ്ടിരിക്കുന്നത്. ജാർഖണ്ഡ് ആസ്ഥാനമായി ഗോത്രവർഗക്കാർക്കിടയിൽ പ്രവർത്തിച്ചിരുന്ന ആക്ടിവിസ്റ്റായിരുന്നു ജെസ്യൂട്ട് പുരോഹിതനായ സ്റ്റാൻ സ്വാമി. 2020ലാണ് ഭീമ കൊറേഗാവ് കേസിൽ തീവ്രവാദബന്ധമാരോപിച്ച് 83കാരനായ സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്യുന്നത്. കസ്റ്റഡിയിലായതിന് ഒരു വർഷത്തിന് ശേഷം കൊവിഡ് മൂലമുണ്ടായ വിഷമതകളാൽ അദ്ദേഹം മരണപ്പെടുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ അറസ്റ്റ് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
ഫാദർ സ്റ്റാൻ സ്വാമിയുടെ മരണവാർത്തയോട് ഐക്യരാഷ്ട്രസഭയും യൂറോപ്യന്‍ യൂണിയനും ശക്തമായി പ്രതികരിച്ചിരുന്നു. റിപ്പോർട്ടിൽ വിശദീകരണവുമായി എൻഐഎ യും രംഗത്തെത്തി. 2018ൽ മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവ് ഗ്രാമത്തിൽ ദളിതർ സവർണ്ണ സൈന്യത്തെ പരാജയപ്പെടുത്തിയ ചരിത്രപരമായ പോരാട്ടത്തിന്റെ സ്മരണയ്ക്കായി നിരവധി ദളിതർ 2018ൽ ഒത്തുകൂടിയിരുന്നു. അന്ന് 15 പേർക്കൊപ്പം ചേർന്ന് കലാപം അഴിച്ചുവിടാനുള്ള ഗൂഢാലോചനയുടെ ഭാഗമായി സ്വാമി പ്രവർത്തിച്ചു എന്നാണ് എന്‍ഐഎ അവകാശപ്പെടുന്നത്. ഇവരുടെ കമ്പ്യൂട്ടറുകളിൽ നിന്ന് വീണ്ടെടുത്ത രേഖകളുടെ അടിസ്ഥാനത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊല്ലാൻ മാവോയിസ്റ്റുകളുമായി ഗൂഢാലോചന നടത്തിയതിന് തെളിവുകൾ ഉണ്ടായിരുന്നുവെന്നും എൻഐഎ അവകാശപ്പെട്ടു. തുടർന്ന് സ്വാമിയേയും കൂടെയുണ്ടായിരുന്ന ഇടതുപക്ഷ ആഭിമുഖ്യമുള്ള പ്രവർത്തകർക്കും അക്കാദമിക് വിദഗ്ധർക്കും മനുഷ്യാവകാശ സംരക്ഷകർക്കുമെതിരെ എൻഐഎ കുറ്റം ചുമത്തി. എന്നാൽ 2020ൽ അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പ് റെക്കോർഡ് ചെയ്ത ഒരു വീഡിയോയിൽ, തന്റെ കമ്പ്യൂട്ടറിൽ നിന്ന് കണ്ടെത്തിയ മാവോയിസ്റ്റ് കത്തുകൾ ഫാദർ സ്വാമി നിരസിച്ചിരുന്നു.
അതേസമയം ഭീമ കൊറേഗാവ് കേസിലെ മറ്റ് രണ്ട് കൂട്ടുപ്രതികളായ റോണ വിൽസൺ, സുരേന്ദ്ര ഗാഡ്‌ലിംഗ് എന്നിവരുടെ കമ്പ്യൂട്ടറുകളിലും ഇത്തരത്തിലുള്ള തെളിവുകൾ നിക്ഷേപിച്ചതായും ആഴ്‌സണൽ കൺസൾട്ടിങ്ങിന്റെ നേരത്തെയുള്ള റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു. റോണ വിൽസന്റെ കമ്പ്യൂട്ടറിൽ 30ലധികം രേഖകളും സുരേന്ദ്ര ഗാഡ്‌ലിംഗിന്റെ കമ്പ്യൂട്ടറിൽ 14 ഓളം കുറ്റമാരോപിക്കുന്ന കത്തുകളും ഒരു അജ്ഞാത ഹാക്കർ സ്ഥാപിച്ചതായാണ് റിപ്പോർട്ടുകൾ പ്രകാരം ലഭിക്കുന്ന വിവരം.
dfryhfhy