820 ദിവസത്തിന് ശേഷം ഉമർ ഖാലിദിന് ഏഴ് ദിവസത്തെ ജാമ്യം
വടക്കു കിഴക്കൻ ഡൽഹിയിലെ കലാപവുമായി ബന്ധപ്പെട്ട കേസിൽ ജെഎൻയു മുൻ വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിന് ജാമ്യം. ഒരാഴ്ച്ചത്തെ ഇടക്കാല ജാമ്യമാണ് വിചാരണ കോടതി അനുവദിച്ചിരിക്കുന്നത്. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായാണ് ഉമറിന് ജാമ്യം. ഡൽഹി കലാപ കേസിൽ ഉമർ ഖാലിദിനെതിരെ യുഎപിഎ കുറ്റം ചുമത്തിയിരുന്നു. അറസ്റ്റിലായി 820 ദിവസത്തിന് ശേഷമാണ് ഖാലിദിന് ജാമ്യം ലഭിച്ചത്. രണ്ടാഴ്ച്ചത്തെ ജാമ്യത്തിനായാണ് ഖാലിദ് കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നത്. എന്നാൽ ഏഴ് ദിവസത്തെ ജാമ്യമാണ് കോടതി അനുവദിച്ചത്.
2020ലാണ് ഡൽഹി കലാപം നടന്നത്. കലാപത്തിൽ 53 പേർ കൊല്ലപ്പെടുകയും 700ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ഗൂഢാലോചനക്കേസ് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഖാലിദിനെ അറസ്റ്റ് ചെയ്തത്. 2020 ഏപ്രിൽ 22നാണ് ഖാലിദിനെതിരെ യുഎപിഎ ചുമത്തി കേസെടുത്തത്. ഒന്നിലധികം ചോദ്യം ചെയ്യലുകൾക്ക് ശേഷം 2020 സെപ്റ്റംബർ 13ന് ഔദ്യോഗികമായി ഉമറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
fufg