രാജ്യത്തെ ഏറ്റവും നീളമേറിയ എലവേറ്റഡ് ഹൈവേ ആലപ്പുഴയിൽ വരുന്നു


ദേശീയപാത 66 സംസ്ഥാനത്തിന്‍റെ വടക്കെ അറ്റം മുതൽ തെക്കേ അറ്റംവരെ ആറുവരിപ്പാതയാകുമ്പോൾ ആലപ്പുഴക്ക് സ്വന്തമാകുന്നത് രാജ്യത്തെ ഏറ്റവും നീളമേറിയ എലവേറ്റഡ് ഹൈവേ. നിലവിലെ റോഡിന് മുകളിലായി അരൂർ മുതൽ തുറവൂർ വരെ 12.752 കിലോമീറ്ററാണ് ഇതിന്‍റെ ദൈർഘ്യം. ജോലികൾ ഉടൻ തുടങ്ങും.11.6 കിലോമീറ്ററുള്ള ഹൈദരാബാദിലെ പി.വി.എൻ.ആർ എക്പ്രസ് വേയാണ് നിലവിൽ രാജ്യത്തെ ദൈർഘ്യമേറിയ മേൽപാത. നിർമാണച്ചുമതല മഹാരാഷ്ട്രയിലെ അശോക ബിൽഡ് കോൺ കമ്പനിക്കാണ്. 1668.5 കോടി രൂപയാണ് നിർമാണച്ചെലവ്. ഭോപാലിലെ ഹൈവേ എൻജിനീയറിങ് കമ്പനിക്കാണ് കൺസൽട്ടൻസി ചുമതല. രണ്ടര വർഷംകൊണ്ട് പൂർത്തിയാക്കാനാണ് കരാർ. അരൂർ ജങ്ഷന് സമീപം തുടങ്ങുന്ന പാത തുറവൂർ മഹാക്ഷേത്രത്തിനടുത്താണ് തീരുക. നിലവിലെ നാലുവരിപ്പാതക്ക് മുകളിലൂടെയാണ് മേൽപാത നിർമിക്കുന്നതെന്നതിനാൽ കൂടുതൽ സ്ഥലം എടുക്കേണ്ടിവരില്ല. പ്രധാന ജങ്ഷനുകൾക്ക് സമീപം വാഹനങ്ങൾക്ക് കയറാനും ഇറങ്ങാനും സർവിസ് റോഡിൽനിന്ന് മേൽപാതയിലേക്ക് റോഡ് നിർമിക്കാനും സ്ഥലം ഏറ്റെടുക്കേണ്ടി വരും. വാഹനത്തിരക്കും റോഡ് അപകടങ്ങളും ഗതാഗത സ്തംഭനവും അരൂർ മുതൽ തുറവൂർ വരെയുള്ള ദേശീയപാതയിൽ മേൽപാലം വരുന്നതോടെ ഇല്ലാതാകും. 

നാലുവരിപ്പാത പൂർണമായും പ്രാദേശിക ഗതാഗതത്തിന് ഉപയോഗിക്കാനാകും എന്നത് ആശ്വാസകരമാണ്. അരൂർ മുതൽ തുറവൂർ വരെ ദേശീയപാതക്കരുകിലെ കച്ചവട സ്ഥാപനങ്ങളിലും പെട്രോൾ പമ്പുകളിലും ചെറുകിട ഹോട്ടലുകളിൽപോലും ദീർഘദൂര വാഹനയാത്രികരുടെ കച്ചവടം ലഭിക്കില്ലെന്ന ആശങ്കയുണ്ട്. 66,000 കോടി രൂപ ചെലവഴിച്ചാണ് ദേശീയപാത 66 ആറുവരിയാക്കുന്നത്. കേന്ദ്രം കേരളത്തിൽ ഏറ്റവും കൂടുതൽ തുക മുടക്കുന്ന പദ്ധതിയുമാണിത്. ഭൂമി ഏറ്റെടുക്കലിൽ 25 ശതമാനം ചെലവാണ് സംസ്ഥാനം വഹിക്കേണ്ടത്. മുംബൈ പനവേലിയിൽനിന്ന് ആരംഭിച്ച് കന്യാകുമാരി വരെയാണ് റോഡ്.  

article-image

r7rt678

You might also like

Most Viewed