മുഖം തിരിച്ചറിഞ്ഞാൽ മാത്രം മതി; ഇന്ത്യയിൽ മൂന്ന് വിമാനത്താവളങ്ങളിൽ പേപ്പർ രഹിത യാത്ര
തടസങ്ങളും സങ്കീർണതകളുമില്ലാതെ യാത്ര ചെയ്യാൻ രാജ്യത്തെ എയർപോർട്ടുകളിൽ ഇനിമുതൽ ഡിജി യാത്ര സംവിധാനം. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനക്കും വിമാന യാത്രക്കുമുളള കാര്യങ്ങൾ ഡിജിറ്റലാക്കാനുളള പദ്ധതിയാണ് ഡിജി യാത്ര. ഫേഷ്യൽ റെക്കഗ്‌നിഷൻ ടെക്‌നോളജി (എഫ്ആർടി) അടിസ്ഥാനമാക്കി വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് സമ്പർക്കരഹിതവും തടസ്സമില്ലാത്തതുമായ യാത്ര ഒരുക്കുകയെന്നതാണ് ലക്ഷ്യം. ബോർഡിങ് പാസ് മുതൽ എല്ലാ നടപടികളും പേപ്പർ രഹിതമായിരിക്കും.
എഫ്ആർടി ഉപയോഗിച്ച് അവരുടെ വ്യക്തിത്വം തെളിയിക്കുവാനും അത് തങ്ങളുടെ ബോർഡിംഗ് പാസ്സുമായി ബന്ധിപ്പിക്കുവാനും സാധികുന്നതാണ്. ആദ്യഘട്ടത്തിൽ ഏഴ് വിമാനത്താവളങ്ങളിൽ ആഭ്യന്തര വിമാന യാത്രക്കാർക്ക് മാത്രമായി പദ്ധതി ആരംഭിക്കും.
ഡൽഹി, ബംഗളുരു, വാരണാസി എന്നീ മൂന്ന് വിമാനത്താവളങ്ങളിലാണ് കഴിഞ്ഞ ദിവസം പദ്ധതി ആരംഭിച്ചത്. 2023 മാർച്ചോടുകൂടി ഹെദരാബാദ്, കൊൽക്കത്ത, പൂനെ, വിജയവാഡ എന്നീ നാല് വിമാനത്താവളങ്ങളിലും ഡിജി യാത്ര പ്രവർത്തനം സജ്ജമാകും. തുടർന്ന് ഈ സാങ്കേതികവിദ്യ രാജ്യത്തുടനീളം നടപ്പിലാക്കുമെന്നാണ് പുറത്തുവരുന്ന വിവരം.ഫോട്ടോയോ ആധാർ നമ്പറോ ഉപയോഗിച്ച് ഡിജി യാത്ര ആപ്പിൽ രജിസ്‌ട്രേഷൻ ചെയ്താൽ സൗകര്യം ലഭ്യമാകും. യാത്രക്കാരുടെ ഐഡിയും യാത്രാ രേഖകളും യാത്രക്കാരന്റെ സ്മാർട്ട്‌ഫോണിൽ തന്നെ സുരക്ഷിതമായിരിക്കുമെന്നും ഉറപ്പ് നൽകുന്നു.
srestse