ലുധിയാന സ്ഫോടനം; മുഖ്യ ആസൂത്രകൻ ഹർപ്രീത് സിംഗ് പിടിയിൽ
ലുധിയാനയിലെ കോടതി സമുച്ചയത്തിലുണ്ടായ സ്‌ഫോടനത്തിന്‍റെ മുഖ്യ ആസൂത്രകൻ ഹർപ്രീത് സിംഗ് പിടിയിൽ. ഡൽഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിൽവച്ചാണ് ഇയാളെ എൻഐഎ അറസ്റ്റ് ചെയ്തത്. മലേഷ്യയിൽനിന്ന് ഡൽഹിയിലേക്കു വന്ന ഇയാൾ വിമാനമിറങ്ങിയതിന് തൊട്ടുപിന്നാലെ എൻഐഎ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഹാപ്പി മലേഷ്യ എന്ന് അറിയപ്പെടുന്ന ഇയാൾ പഞ്ചാബിലെ അമൃത്സറിലാണ് താമസിക്കുന്നത്. പാക് കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന ഇന്‍റർനാഷണൽ സിഖ് യൂത്ത് ഫെഡറേഷൻ എന്ന സംഘടനയുടെ തലവനായ ലഖ്ഭീർ സിങ് റോഡെയുടെ സഹായിയാണ് ഹർപ്രീത് സിങ്. ലുധിയാന സ്ഫോടനത്തിൽ റോഡെയുടെ പ്രധാന സഹായിയായിരുന്നു ഇയാൾ. ഹർപ്രീതിനെക്കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് എൻഐഎ പത്ത് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ഡിസംബർ 23നാണ് ലുധിയാനയിലെ കോടതിസമുച്ചയത്തിൽ സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2021 ഡിസംബർ 21നാണ് സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ജനുവരി ഒന്നിന് കേസ് എൻ ഐഎ ഏറ്റെടുത്തു.
hfhjf