ആം ആദ്മിയുടെ സ്ഥാനാർഥിയെ ബിജെപി തട്ടിക്കൊണ്ട് പോയെന്ന് ആരോപണം
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തങ്ങളുടെ സ്ഥാനാർഥിയെ ബിജെപി തട്ടിക്കൊണ്ട് പോയെന്ന ആരോപണമുയർത്തി ആം ആദ്മി പാർട്ടി. സൂറത്ത് ഈസ്റ്റ് മണ്ഡലത്തിലെ കാഞ്ചൻ ജരിവാളിനെ ചൊവ്വാഴ്ച മുതൽ കാണാനില്ലെന്ന് പറഞ്ഞാണ് ആപ്പിന്‍റെ ഈ ആരോപണം.
ജരിവാളിന്‍റെ നാമനിർദേശ പത്രിക തള്ളാൻ ശ്രമിച്ചെന്നും ഈ നീക്കം പരാജയപ്പെട്ടപ്പോൾ സ്ഥാനാർഥിത്വം പിൻവലിക്കാൻ ബിജെപി ഭീഷണി മുഴക്കിയെന്നും ആം ആദ്മി പാർട്ടി നേതാവ് രാജീവ് ഛദ്ദ ആരോപിച്ചു. ബിജെപി ജരിവാളിനെ തട്ടിക്കൊണ്ട് പോയി തടവിൽ പാർപ്പിച്ചിരിക്കുകയാണെന്നും ഛദ്ദ പറഞ്ഞു. ആപ്പിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥി ഇസുധൻ ഗാധ്‌വിയും സമാനമായ ആരോപണം ഉന്നയിച്ചു.
ജരിവാളിനെ ആരോ തട്ടിക്കൊണ്ട് പോയതായി സംശയിക്കുന്നതായി ട്വീറ്റ് ചെയ്ത പാർട്ടി തലവൻ അരവിന്ദ് കേജരിവാൾ, അദേഹത്തിന്‍റെ കുടുംബത്തെയും കാണാനില്ലെന്ന് അറിയിച്ചു. എന്നാൽ ആരോപണങ്ങൾ അസത്യമാണെന്നും തെരഞ്ഞെടുപ്പ് പരാജയം മുന്നിൽ കാണുന്ന ആപ്പ് ബാലിശമായ പരാതികൾ ഉന്നയിക്കുകയാണെന്നും ബിജെപി പ്രതികരിച്ചു.
ufu