ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ
രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഒരു പ്രമുഖ വാർത്താമാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതര രാജ്യത്ത് എല്ലാ പൗരന്മാർക്കും നിയമം തുല്യമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏകീകൃത സിവിൽ കോഡിനെ പിന്തുണക്കുന്നോ ഇല്ലയോ എന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. ‘1950 മുതൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നത് ഞങ്ങളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമാണ്. യാതൊരു മതേതര രാജ്യത്തും എല്ലാ മതവിഭാഗങ്ങളിലും പെടുന്ന പൗരന്മാർക്ക് നിയമങ്ങൾ തുല്യമായിരിക്കണം.
ഇതാണ് ഞങ്ങളുടെ വാഗ്ദാനം. ഞങ്ങൾ അത് നടപ്പാക്കും’ അദ്ദേഹം പറഞ്ഞു. പത്തുവർഷത്തെ സോണിയാ ഗാന്ധി- മൻമോഹൻസിങ് സർക്കാരിന്റെ കാലത്ത് 12 ലക്ഷം കോടി രൂപയുടെ അഴിമതിയാണ് നടന്നതെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ‘ കോൺഗ്രസ് ഭരണകാലത്ത് അഴിമതിയുടെ എണ്ണം എടുക്കാൻ ബുദ്ധിമുട്ടാണ്. എന്നാൽ ബിജെപി ഭരണകാലത്ത് അഴിമതി കണ്ടെത്താനാണ് ബുദ്ധിമുട്ട്’- കോൺഗ്രസിനെ കടന്നാക്രമിച്ച അമിത് ഷാ പറഞ്ഞു.
dhfh