8 വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യമാകും
യുഎൻ കണക്കുകൾ പ്രകാരം ചൊവ്വാഴ്ച ലോക ജനസംഖ്യ 800 കോടിയിലെത്തും. ലോക ജനസംഖ്യാദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ വാർഷിക വേൾഡ് പോപ്പുലേഷൻ പ്രോസ്പെക്റ്റ് റിപ്പോർട്ടിൽ ആഗോള ജനസംഖ്യ 1950ന് ശേഷമുള്ള ഏറ്റവും മന്ദഗതിയിലാണ് വളരുന്നതെന്നും 2020−ൽ ഒരു ശതമാനത്തിൽ താഴെയായി കുറഞ്ഞുവെന്നും സൂചിപ്പിക്കുന്നു. ആഗോള ജനസംഖ്യ 2030−ൽ ഏകദേശം 8.5 ബില്യണിലേക്കും 2050−ൽ 9.7 ബില്യണിലേക്കും 2100−ൽ 10.4 ബില്യണിലേക്കും വളരുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ പ്രവചനം. ആഗോള ജനസംഖ്യ ഏഴിൽ നിന്ന് എട്ട് ബില്യണായി വളരാൻ 12 വർഷമെടുത്തെങ്കിലും, അത് ഒമ്പത് ബില്യണിലെത്താൻ ഏകദേശം 15 വർഷമെടുക്കും. യുഎൻ കണക്കുകൾ പ്രകാരം 2030നുള്ളിൽ ഇന്ത്യ ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറും. 2050−ൽ ഇന്ത്യയ്ക്കും ചൈനയ്ക്കും പിന്നിൽ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ രാജ്യമായി അമേരിക്ക തുടരും.
2050 വരെയുള്ള ജനസംഖ്യയിൽ പകുതിയിലധികം വർധന കോംഗോ, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, നൈജീരിയ, പാക്കിസ്ഥാൻ, ഫിലിപ്പീൻസ്, ടാൻസാനിയ എന്നീ രാജ്യങ്ങൾ കേന്ദ്രീകരിച്ചായിരിക്കും. വൈദ്യശാസ്ത്ര രംഗത്തെ പുരോഗതി നിമിത്തം ജനങ്ങളുടെ ആയുർദൈർഘ്യം വർധിച്ചതായും റിപ്പോർട്ട് പറയുന്നു. ആയുർദൈർഘ്യം 2019ൽ 72.8 വർഷത്തിലെത്തി. മാതൃശിശുമരണ നിരക്ക് കുറഞ്ഞുവെന്നും വിദഗ്ധർ വിലയിരുത്തുന്നു. എന്നാൽ അതിവേഗത്തിലെ ജനസംഖ്യാ വർധനവ് ദാരിദ്ര്യ നിർമാർജനം, പട്ടിണി, പോഷകാഹാരക്കുറവ് എന്നിവയ്ക്കെതിരായ പോരാട്ടത്തേയും ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ വളർച്ചയേയും പ്രതികൂലമായി ബാധിക്കുമെന്ന് യുഎന്‍ സാമ്പത്തിക സാമൂഹിക കാര്യങ്ങളുടെ അണ്ടർ സെക്രട്ടറി ജനറൽ ലിയു സെന്‍മിന്‍ പറഞ്ഞു.
gjhvgj