ആറ് വയസുകാരൻ ഉണ്ടാക്കിയ ചായ കുടിച്ച് നാല് മരണം

ഉത്തർപ്രദേശിൽ കീടനാശിനി കലർന്ന ചായ കുടിച്ച് നാല് പേർ മരിച്ചു. മെയിൻപുരിയിലെ നഗ്ല കൻഹായ് ഗ്രാമത്തിലാണ് സംഭവം. രണ്ട് കുട്ടികൾ അടക്കമാണ് നാലുപേർ മരിച്ചത്. കുട്ടികളുടെ പിതാവ് ശിവ് നന്ദൻ ഗുരുതാരവസ്ഥയിൽ ആശുപത്രിയിലാണ്. ശിവാംഗ് (6), ദിവാംഗ് (5), രവീന്ദ്ര സിങ് (55),സൊബ്രൻ സിങ് എന്നിവരാണ് മരിച്ചത്. വീട്ടിലെ ആറ് വയസുകാരൻ തയ്യാറാക്കിയ ചായ കുടിച്ചാണ് നാല് പേരും മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കും പിതാവിനുമൊപ്പം താമസിച്ചിരുന്ന ശിവ് നന്ദന്റെ വീട്ടിലാണ് ദാരുണ സംഭവം നടന്നത്.
വ്യാഴാഴ്ച രാവിലെ ഭാര്യപിതാവ് രവീന്ദ്ര സിങ് വീട്ടിലെത്തിയപ്പോൾ ചായ ഉണ്ടാക്കാനായി കുട്ടി അടുക്കളയിൽ കയറുകയായിരുന്നു. ഈ സമയം കുട്ടിയുടെ അമ്മ പശുവിനെ കറക്കുകയായിരുന്നു. തിളപ്പിച്ച വെളളത്തിൽ ചായപ്പൊടിക്ക് പകരം അബദ്ധത്തിൽ കീടനാശിനി ചേർത്തതാകാം മരണത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അയൽവാസിയായ സൊബ്രൻ സിങും ഈ സമയം ശിവ് നന്ദന്റെ വീട്ടിലെത്തി ചായ കുടിച്ചു. താമസിയാതെ അഞ്ചു പേർക്കും അസ്വസ്ഥത ഉണ്ടാവുകയും ഉടൻ തന്നെ മെയിൻപുരിയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിക്കുകയും ചെയ്തു. അധികം വെെകാതെ രവീന്ദ്രയും ശിവാംഗും ദിവാംഗും മരിച്ചു. തുടർന്ന് സൊബ്രൻ സിങിനേയും ശിവ് നന്ദനേയും സഫായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. അവിടെവച്ച് സൊബ്രാൻ സിങിന്റെ സ്ഥിതി ഗുരുതരമാകുകയും മരിക്കുകയുമായിരുന്നു. സംഭവത്തിന്റെ യഥാർത്ഥ കാരണം എന്താണെന്ന് അന്വേഷിച്ചു വരികയാണ്. വീട്ടിൽ നിന്നും കണ്ടെടുത്ത കീടനാശിനിയാണെന്ന് കരുതുന്ന വസ്തുക്കളുടെ സാമ്പിളുകൾ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
xzdyhxh