വിവാഹസദ്യയ്ക്കിടെ രസഗുള തീർന്നു; കൂട്ടത്തല്ലിൽ 20കാരന് ദാരുണാന്ത്യം

വിവാഹസദ്യയ്ക്കിടെ രസഗുള തീർന്നതിനു പിന്നാലെയുണ്ടായ കൂട്ടത്തല്ലിലും കത്തിക്കുത്തിലും ഒരു മരണം. ഉത്തർപ്രദേശിലെ ആഗ്രയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കുത്തേറ്റ് 20കാരൻ കൊല്ലപ്പെട്ടു. ആഗ്ര ജില്ലയിലെ ഇത്തിമാദ്പൂരിലുള്ള മൊഹല്ല ശൈഖാൻ സ്വദേശിയായ ഉസ്മാൻ അഹ്മദിന്റെ മക്കളുടെ വിവാഹത്തിനിടെയാണ് ദാരുണമായ സംഭവം. ഉസ്മാൻ അഹ്മദിന്റെ രണ്ടു പെൺകുട്ടികളുടെ വിവാഹമായിരുന്നു. ബുധനാഴ്ച രാത്രി ഇത്തിമാദ്പൂരിലെ കല്യാണമണ്ഡപത്തിൽ വച്ചായിരുന്നു വിവാഹാഘോഷവും സദ്യയും നടന്നത്. ഇതിനിടെ വരന്മാരുടെ വീട്ടുകാർ എത്തിയപ്പോഴാണ് സദ്യയ്ക്കുശേഷമുള്ള രസഗുള അടക്കമുള്ള മധുര വിഭവങ്ങൾ തീർന്നത്. ഇതോടെ വധൂവരന്മാരുടെ ബന്ധുക്കൾ തമ്മിൽ തർക്കമായി. തർക്കം വാക്കേറ്റത്തിലും ഒടുവിൽ കൂട്ടത്തല്ലിലും കലാശിക്കുകയായിരുന്നു.
കല്യാണ പന്തലിലെ പാത്രവും കസേരയുമെടുത്തായിരുന്നു തല്ല് നടന്നത്. ഊട്ടുപുരയിലുണ്ടായിരുന്ന സ്പൂണുകളും മൂർച്ചയുള്ള ഉപകരണങ്ങൾ ഉപയോഗിച്ചും പരസ്പരം ഏറ്റുമുട്ടി. ഇതിനിടയിലാണ് ഒരാൾ കത്തിയുമായെത്തിയത്. ആൾക്കൂട്ടത്തിനുനേർക്ക് ഒരാൾ കത്തിവീശി. സംഭവത്തിൽ 20കാരനായ സന്നിക്ക് മാരകമായി പരിക്കേറ്റു. ഉടൻ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അക്രമിയുടെ കുത്തേറ്റ് അഞ്ചോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൊലപാതകത്തിന് കേസെടുത്തതായി ഇത്തിമാദ്പൂർ എസ്.എച്ച്.ഒ സർവേഷ് കുമാർ അറിയിച്ചു. പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല.
ൈേബ്ീഹ