കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ എൻഐഎ അന്വേഷണത്തിന് ശുപാർശ ചെയ്ത് തമിഴ്നാട്

കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ എൻഐഎ അന്വേഷണത്തിന് ശുപാർശ ചെയ്ത് തമിഴ്‌നാട് സർക്കാർ. മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് ഇത് സംബന്ധിച്ച് കേന്ദ്രസർക്കാരിന് കത്ത് നൽകിയത്. കേസിന്റെ ഗൗരവം കണക്കിലെടുത്താണ് എൻഐഎക്ക് കൈമാറാൻ ശുപാർശ ചെയ്തതെന്ന് തമിഴ്‌നാട് സർക്കാർ വ്യക്തമാക്കി.
സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഇന്ന് ഉന്നതതല യോഗവും തമിഴ്‌നാട്ടിൽ നടന്നിരുന്നു. മുഖ്യമന്ത്രി സ്റ്റാലിന്റെ അധ്യക്ഷതയിൽ ചെന്നൈയിൽ ചേർന്ന യോഗത്തിൽ ഡിജിപി ശൈലേന്ദ്രബാബു ഐപിഎസ്, ചീഫ് സെക്രട്ടറി ഇറൈ അൻപ്, ആഭ്യന്തര സെക്രട്ടറി എന്നിവർ പങ്കെടുത്തു. യോഗം നടന്നതിന് ശേഷമാണ് കേസ് എൻഐഎക്ക് കൈമാറാൻ ശുപാർശയുണ്ടായത്.
ബുധനാഴ്ച രാവിലെയോടെ സ്‌ഫോടനം നടന്ന സ്ഥലത്തെത്തി എൻഐഎ ഉദ്യോഗസ്ഥർ പരിശോധന നടത്തി. ദേശീയ അന്വേഷണ ഏജൻസിയുടെ ദക്ഷിണേന്ത്യൻ മേധാവിയായ കെ.ബി വന്ദന കോയമ്പത്തൂരിലെ കമ്മീഷണർ ഓഫീസിൽ എത്തുകയും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
കേസിൽ അറസ്റ്റിലായ അഞ്ച് പേർക്കെതിരെ പോലീസ് യുഎപിഎ ചുമത്തിയിട്ടുണ്ട്. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബിന്റെ കൂട്ടാളികളാണ് അറസ്റ്റിലായ പ്രതികൾ. സ്‌ഫോടനം ചാവേർ ആക്രമണമായിരുന്നുവെന്ന സൂചനകൾ ശക്തമാകുന്ന സാഹചര്യത്തിൽ കൂടിയാണ് കേസന്വേഷണം എൻഐഎയ്‌ക്ക് കൈമാറാൻ തമിഴ്‌നാട് സർക്കാർ ശുപാർശ ചെയ്തിരിക്കുന്നത്.
കോയമ്പത്തൂരിലെ കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് മുമ്പിൽ കഴിഞ്ഞ ദിവസമായിരുന്നു കാർ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ മരിച്ച മുബിൻ സംഭവത്തിന് തൊട്ടുമുമ്പ് വാട്‌സ്ആപ്പിൽ പോസ്റ്റ് ചെയ്ത സ്റ്റാറ്റസ് മരണത്തെക്കുറിച്ചുള്ളതായിരുന്നു. എന്റെ മരണ വാർത്ത അറിയുമ്പോൾ ക്ഷമിക്കൂ എന്നായിരുന്നു മുബിന്റെ സ്റ്റാറ്റസ്. കൊല്ലപ്പെട്ട മുബിൻ ചാവേർ ആയിരുന്നുവെന്ന് വ്യക്തമാക്കുന്ന കൂടുതൽ സൂചനകളാണ് ഇത്തരത്തിൽ പുറത്തുവരുന്നത്. സംഭവത്തിൽ ഗൗരവമേറിയ അന്വേഷണം പുരോഗമിക്കുകയാണ്.
eyr