ജാർഖണ്ഡ് വിശ്വാസവോട്ടെടുപ്പിൽ ഹേമന്ത് സോറൻ സർക്കാർ ഭൂരിപക്ഷം നേടി
ജാർഖണ്ഡ് നിയമസഭയിൽ ഇന്നു നടന്ന വിശ്വാസവോട്ടെടുപ്പിൽ ഹേമന്ത് സോറൻ സർക്കാർ ഭൂരിപക്ഷം നേടി. മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ രാജി ആവശ്യം ബിജെപി ശക്തമാക്കുന്നതിനിടെയാണ് സർക്കാർ വിശ്വാസ വോട്ടെടുപ്പ് നേരിട്ടത്. ഇന്നു ചേർന്ന പ്രത്യേക നിയമസഭ സമ്മേളനത്തിലാണ് വോട്ടെടുപ്പ് നടന്നത്. സോറൻ 48 വോട്ടുകൾ നേടിക്കൊണ്ട് ഭൂരിപക്ഷം തെളിയിച്ചു. ജനാധിപത്യത്തെ രക്ഷിക്കാനാണ് വോട്ടെടുപ്പ് നടത്തിയതെന്നു സോറൻ പ്രതികരിച്ചു. കുതിരക്കച്ചവടം നടത്തി സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമം ബിജെപി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം പേരിലുള്ള കരിങ്കൽ ഖനിക്ക് അനുമതി നൽകിയെന്ന ആരോപണത്തിൽ സോറന്‍റെ നിയമസഭാ അംഗത്വം റദ്ദാക്കാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ശിപാർശ ചെയ്തിതിനു പിന്നാലെയാണ് സംസ്ഥാനത്ത് ഭരണപ്രതിസന്ധി തുടങ്ങിയത്. കമ്മീഷന്‍റെ ശിപാർശയിൽ ഗവർണർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
81 അംഗ നിയമസഭയിൽ ജാർഖണ്ഡ് മുക്തി മോർച്ച 30, കോൺഗ്രസ് 18, ആർജെഡി 1 എന്നിങ്ങനെയാണ് കക്ഷിനില. പ്രധാന പ്രതിപക്ഷമായ ബിജെപിക്ക് 26 എംഎൽഎമാരാണുള്ളത്. രാജിവച്ച് ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് ബിജെപിയുടെ ആവശ്യം. ബിജെപി പണം കൊടുത്ത് സ്വാധീനിക്കുന്നത് തടയാൻ എംഎൽഎമാരെ ചത്തീസ്ഗഡിലേയ്ക്ക് മാറ്റിയിരുന്നു. ഞായറാഴ്ച വൈകിട്ടോടെയാണ് എംഎൽഎമാരെ പ്രത്യേക വിമാനത്തിൽ റാഞ്ചിയിൽ തിരിച്ചെത്തിച്ചത്.
dxfhcfh