മുൻ മുഖ്യമന്ത്രി ഒ.പനീർശെൽവത്തിനെതിരെ പൊലീസിൽ പരാതി
മുൻ മുഖ്യമന്ത്രി ഒ.പനീർശെൽവത്തിനെതിരെ തമിഴ്നാട് പൊലീസിൽ പരാതി. റോയാപേട്ടയിലെ അണ്ണാ ഡി.എം.കെ സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമണത്തിൽ പങ്കുണ്ടെന്ന് കാട്ടിയാണ് എതിർ വിഭാഗം പരാതി നൽകിയത്. ഇവരുടെ ആഹ്വാനപ്രകാരമാണ് അണ്ണാ ഡി.എം.കെ ഓഫീസ് അനുയായികൾ ആക്രമിച്ചതെന്ന് കാട്ടി, അണ്ണാ ഡി.എം.കെ ദക്ഷിണ ചെന്നൈ ജില്ലാ സെക്രട്ടറി ആദിരാജാറാം റോയാപേട്ട പൊലീസിലാണ് പരാതി നൽകിയത്. പനീർശെൽവം, അദ്ദേഹത്തിന്റെ വിശ്വസ്തരായ ആർ.വൈദ്യലിംഗം, പി.എച്ച്.മനോജ് പാണ്ഡ്യൻ, ജെ.സി.ടി.പ്രഭാകരൻ എന്നിവർക്കെതിരെയാണ് പരാതി.
അതേസമയം, കോടതി വിധിക്ക് പിന്നാലെ കഴിഞ്ഞ ദിവസം ഒ.പനീർശെൽവത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഒത്തുതീർപ്പ് ഫോർമുലയുടെ ഭാഗമായി പാർട്ടിയിൽ നടപ്പാക്കിയ ഇരട്ടനേതൃത്വ പദവി ജനറൽ കൗൺസിൽ റദ്ദാക്കുകയും എടപ്പാടി കെ.പളനിസ്വാമിയെ താൽക്കാലിക സെക്രട്ടറിയായി തെരഞ്ഞെടുക്കുകയും ചെയ്തു. പനീർശെൽവത്തിന് പുറമേ, ആർ. വൈദ്യലിംഗം, പി.എച്ച്. മനോജ് പാണ്ഡ്യൻ, ജെ.സി.ടി.പ്രഭാകരൻ എന്നിവർക്കെതിരെയും നടപടി എടുത്തു.