മധ്യപ്രദേശിലെ ചമ്പൽ നദിയിൽ കുളിക്കാനിറങ്ങിയ 7 വയസുകാരനെ മുതല വിഴുങ്ങിയതായി ഗ്രാമവാസികൾ
മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിലെ ചമ്പൽ നദിയിൽ കുളിക്കാനിറങ്ങിയ 7 വയസുകാരനെ മുതല വിഴുങ്ങി. മുതല കുട്ടിയെ നദിയിലേക്ക് വലിച്ച് കൊണ്ടുപോകുകയായിരുന്നു. ഗ്രാമവാസികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അതേസമയം മുതലയ്ക്ക് ആക്രമിക്കാനാകുമെങ്കിലും വിഴുങ്ങാൻ കഴിയില്ലെന്നാണ് വനംവകുപ്പ് പറയുന്നത്.
ഷിയോപൂർ ജില്ലയിലെ രഘുനാഥ്പൂർ പ്രദേശത്തെ റെജെത ഘട്ടിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ലക്ഷ്മൺ സിംഗ് കേവാത്തിന്റെ മകൻ അന്തർ സിംഗ് കേവത്ത് ചമ്പൽ നദിയിൽ കുളിക്കാൻ പോയതായിരുന്നു. ഇതിനിടയിൽ മുതല കുട്ടിയെ വലിച്ച് നദിയിലേക്ക് കൊണ്ടുപോയി. പുഴയിൽ കുളിക്കാനിറങ്ങിയവരാണ് മുതലയെ കണ്ടത്. സംഭവം നടന്നയുടൻ നാട്ടുകാരും വീട്ടുകാരും ചേർന്ന് കുട്ടിക്കായി തെരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല.
സംഭവസ്ഥലത്ത് ഉണ്ടായിരുന്ന നാട്ടുകാർ വടിയും കയറും വലയും ഉപയോഗിച്ച് മുതലയെ പിടികൂടി കരയിൽ എത്തിച്ചു. ഇതിനിടെ അലിഗേറ്റർ ഡിപ്പാർട്ട്‌മെന്റ് സംഘം സ്ഥലത്തെത്തി. മുതലയ്ക്ക് കുട്ടിയെ ആക്രമിക്കാൻ കഴിയുമെന്നും എന്നാൽ വിഴുങ്ങാൻ കഴിയില്ലെന്നും വകുപ്പ് സംഘം ഗ്രാമവാസികളോട് വിശദീകരിച്ചു. എന്നാൽ ഗ്രാമവാസികൾ ചെവിക്കൊണ്ടില്ല. മുതലയുടെ വയറ്റിൽ കുട്ടിയുണ്ടെന്ന് ഇവർ പറയുന്നു. ഗ്രാമവാസികൾ വൈകുന്നേരം വരെ മുതലയെ കെട്ടിയിട്ട് തീരത്ത് ഇരുന്നു. കുഞ്ഞ് പുറത്തുവരുന്നതും കാത്തിരിക്കുകയാണ് ഗ്രാമവാസികൾ. എസ്ഡിആർഎഫ് സംഘവും കുട്ടിക്കായി തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഇതുവരെ ഒരു തുമ്പും ലഭിച്ചിട്ടില്ല.