ഗുജറാത്തിൽ കനത്ത മഴ; വെള്ളപ്പൊക്കത്തിൽ ഏഴു മരണം
ഗുജറാത്തിൽ കനത്ത മഴയെതുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഏഴു പേർ മരിച്ചു. 9000 പേരെ മാറ്റിപാർപ്പിച്ചു. 468 പേരെ രക്ഷപെടുത്തി. തെക്കൻ ഗുജറാത്തിൽ ഡാംഗ്, തപി, വൽസാദ് ജില്ലകളിലാണ് മഴ കനത്ത നാശം വിതച്ചത്. മധ്യ ഗുജറാത്തിൽ പഞ്ച്മഹൽ, ചോട്ട ഉദയ്പൂർ, ഖേദ ജില്ലകളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. നദികളും ഡാമുകളും കവിഞ്ഞൊഴുകുകയാണ്. പ്രധാന നഗരങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. റെയിൽവേട്രാക്കിൽ വെള്ളം കയറിയതിനെതുടർന്ന് 4 പാസഞ്ചർ ട്രെയിനുകളും ഒരു എക്‌സ്പ്രസ് ട്രെയിനും റദ്ദാക്കി.
വെള്ളപ്പൊക്കത്തിലും ഇടിമിന്നലിലുമായി 63 പേരാണ് കഴിഞ്ഞ ഒന്നര മാസത്തിനിടെ സംസ്ഥാനത്ത് മരിച്ചത്. അടുത്ത അഞ്ചു ദിവസത്തേയ്ക്ക് കൂടി വ്യാപക മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെതുടർന്ന് സംസ്ഥാനം അതീവ ജാഗ്രതയിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും സംസ്ഥാനത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.