ഗോവ കോൺഗ്രസിൽ പ്രതിസന്ധി; പാര്‍ട്ടി യോഗം ബഹിഷ്‌കരിച്ച് ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാര്‍
സംസ്ഥാനത്ത് തിങ്കളാഴ്ച നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെ ഗോവയിലെ ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാതെ വിട്ടുനിന്നു. ഇവർ ബിജെപിയിൽ ചേർന്നേക്കും എന്ന് വിവരങ്ങളുണ്ട്. ദിഗംബർ കാമത്തിന്റെ നേതൃത്വത്തിലാണ് എംഎഎൽഎമാർ പാർട്ടി യോഗം ബഹിഷ്‌കരിച്ചത്.
നിലവിൽ 40 അംഗ നിയമസഭയിൽ ബിജെപിയ്‌ക്ക് 25 സീറ്റും കോൺഗ്രസ് സഖ്യത്തിന് 11 സീറ്റുമാണുള്ളത്. നാല് എംഎല്‍എമാര്‍ മാത്രമാണ് യോഗത്തിനെത്തിയത്. പത്ത് എംഎല്‍എമാര്‍ ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹം ബലപ്പെട്ടതിനിടെയാണ് നേതൃത്വം യോഗം വിളിച്ചത്. യോഗത്തിനെത്തിയില്ലെങ്കിലും എംഎൽഎമാരെല്ലാം ഒപ്പമുണ്ടെന്ന് കോൺഗ്രസ് അവകാശപ്പെട്ടു. ബിജെപി എംഎൽഎമാരെ വേട്ടയാടാനും ഭീഷണിപ്പെടുത്താനും ശ്രമിക്കുകയാണെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ ജനറൽ സെക്രട്ടറി ദിനേശ് ഗുണ്ടു റാവു ആരോപിച്ചു.