ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിൽ കർണാടക സ്വദേശിനി സിനി ഷെട്ടിക്ക് കിരീടം
രാജ്യത്തെ ഏറ്റവും മികച്ച സുന്ദരിയെ കണ്ടെത്താനുള്ള ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിൽ കർണാടക സ്വദേശിനി സിനി ഷെട്ടി വിജയ കിരീടം നേടി. ഞായറാഴ്ച വൈകിട്ട് മുംബൈയിലെ ജിയോ കൺവെൻഷൻ സെന്‍ററിൽ നടന്ന ഗ്രാന്‍ഡ് ഫിനാലെയിൽ മിസ്സ് ഇന്ത്യ 2020 ആയ മാനസ വരാണസി സിനിക്ക് കിരീടമണിയിച്ചു.രാജസ്ഥാനിലെ റുബാൽ ശെഖാവത്ത് ഫസ്റ്റ് റണ്ണറപ്പും ഉത്തർപ്രദേശിലെ ഷിനാറ്റ ചൗഹാൻ സെക്കൻഡ് റണ്ണറപ്പും ആയി. 21കാരിയായ സിനി ഇപ്പോൾ ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റ് (സിഎഫ്എ) വിദ്യാർഥിനിയാണ്. 71ാമത് ലോകസുന്ദരി മത്സരത്തിൽ സിനി ഇന്ത്യയെ പ്രതിനിധീകരിക്കും.
2022ലെ മിസ് ഇന്ത്യ മത്സരത്തിന്‍റെ ഫൈനൽ നടി കൃതി സനോണിന്‍റെയും ലോറൻ ഗോട്‌ലീബിന്‍റെയും തകർപ്പന്‍ പ്രകടനങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു. പ്രശസ്ത ടെലിവിഷന്‍ അവതാരകനും മോഡലും പാട്ടുകാരനുമായ മനീഷ് പോളായിരുന്നു അവതാരകൻ. നേഹ ധൂപിയ, ഡിനോ മോറിയ, മലൈക അറോറ തുടങ്ങിയ താരങ്ങളാണ് ജൂറിയംഗങ്ങൾ. ക്രിക്കറ്റ് താരം മിതാലി രാജും പാനലിൽ ഉണ്ടായിരുന്നു. ഡിസൈനർമാരായ രാഹുൽ ഖന്ന, രോഹിത് ഗാന്ധി, കൊറിയോഗ്രാഫർ ഷിയാമാക് ദാവർ എന്നിവരും ജൂറിയുടെ ഭാഗമാണ്. മിസ് ഇന്ത്യ ഗ്രാൻഡ് ഫിനാലെ ജൂലൈ 17 ന് കളേഴ്‌സ് ടിവി ചാനലിൽ സംപ്രേക്ഷണം ചെയ്യും.