'പക്ഷിയെ രക്ഷിക്കാനിറങ്ങി'; ടാക്‌സിയിടിച്ച് വ്യവസായിയും ഡ്രൈവറും മരിച്ചു

മുംബൈ: പരുക്കേറ്റ പക്ഷിയെ രക്ഷിക്കാന്‍ കാറില്‍ നിന്ന് ഇറങ്ങിയ 43 കാരനായ വ്യവസായിയും ഡ്രൈവറും ടാക്‌സി ഇടിച്ച് മരിച്ചു. വ്യവസായിയായ ജരിവാല, ഡ്രൈവര്‍ ശ്യാം സുന്ദര്‍ കാമത്ത് എന്നിവരാണ് മരിച്ചത്. ബാന്ദ്ര-വര്‍ളി സീ ലിങ്കില്‍ മെയ് 30നുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.
മെയ് 30ന് ഉച്ച കഴിഞ്ഞ് നെപീന്‍സി റോഡിലെ വ്യവസായിയായ അമര്‍ മനീഷ് ജരിവാല മലാഡിലേക്ക് പോകുന്ന വഴിയിലാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. 'ബാന്ദ്ര വോര്‍ളി സീ ലിങ്കിലൂടെ യാത്ര ചെയ്യുമ്പോള്‍ ഇവരുടെ കാര്‍ ഇടിച്ച് പക്ഷി നിലത്തുവീണു. ഈ പക്ഷിയെ രക്ഷിക്കാനായി റോഡിലേക്ക് ഇറങ്ങുകയായിരുന്നു ഇരുവരും.
ഈ സമയത്ത് അമിത വേഗത്തിലെത്തിയ ടാക്‌സി ജരിവാലയെയും ഡ്രൈവര്‍ ശ്യാം സുന്ദര്‍ കാമത്തിനെയും ഇടിച്ചിടുകയായിരുന്നു. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നെന്ന്' പൊലീസ് പറഞ്ഞു. ടാക്‌സി ഡ്രൈവര്‍ രവീന്ദ്ര കുമാര്‍ ജയ്‌സ്‌വറിനെ അശ്രദ്ധമായി വാഹനമോടിച്ചതിന് അറസ്റ്റ് ചെയ്തതായി ബാന്ദ്ര പൊലീസ് അറയിച്ചു.