ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി: സ്‌കൂളിലെ ഉച്ചഭക്ഷണത്തിൽ മാംസാഹാരമാവാമെന്ന് സുപ്രീം കോടതി

ലക്ഷദ്വീപിലെ സ്‌കൂളിലെ ഉച്ചഭക്ഷണത്തിൽനിന്ന് മാംസം ഒഴിവാക്കിയ നടപടിയിൽ ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി. സ്‌കൂൾ കുട്ടികൾക്കുള്ള ഉച്ച ഭക്ഷണത്തിൽ മാംസാഹാരം നൽകുന്നത് തുടരാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇടക്കാല ഉത്തരവിലാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ലക്ഷദ്വീപിലെ ഭരരണ പരിഷ്‌കാരങ്ങൾ ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഹർജികൾ പരിഗണിച്ചാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ഹർജിയിൽ കേന്ദ്ര സർക്കാറിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ലക്ഷദ്വീവ് അഡ്മിനിസ്‌ട്രേറ്റൽ പ്രഫൂൽ ഖോഡ പട്ടേലിനും കോടതി നോട്ടീസ് അയച്ചു.
ലക്ഷ ദ്വീപ് ഭരണകൂടത്തിന് വലിയ തിരിച്ചടിയായാണ് കോടതി നടപടി വിലയിരുത്തുന്നത്. ലക്ഷദ്വീപിലെ സ്‌കൂൾ കുട്ടികളുടെ ഉച്ച ഭക്ഷണത്തിൽ നിന്നും ബീഫ്, ചിക്കൻ വിഭവങ്ങൾ ഒഴിവാക്കിയും, ലക്ഷദ്വീപിലെ ഡയറി ഫാം അടച്ചുപൂട്ടാനുള്ള ദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ തീരുമാനങ്ങൾ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹർജികൾ. കവരത്തി സ്വദേശി അജ്മൽ അഹമ്മദ് എന്നയാളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച ഇന്ദിരാ ബാനർജി, എഎസ് ബൊപ്പണ്ണ എന്നിവർ 2021 ജൂൺ 22ന് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് തുടരാൻ നിർദേശിക്കുകയായിരുന്നു. ലക്ഷ ദ്വീപ് നിവാസികളുടെ താൽപര്യം പരിഗണിക്കാതെ പരിഷ്‌കാരങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്നു എന്ന വാദം അംഗീകരിച്ചാണ് കോടതിയുടെ ഇടപെടൽ.