പത്മശ്രീ അവാർഡ് നിരസിച്ച് പ്രശസ്ത ഗായിക സന്ധ്യ മുഖർജി
പത്മശ്രീ അവാർഡ് നിരസിച്ച് പ്രശസ്ത ഗായിക സന്ധ്യ മുഖർജി. സന്ധ്യ മുഖോപാധ്യായ എന്നറിയപ്പെടുന്ന സന്ധ്യ മുഖർജിയെ കേന്ദ്ര സർക്കാരിന്റെ ഉദ്യോഗസ്ഥൻ ടെലിഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് അവാർഡ് നിരസിച്ചത്. ഡൽഹിയിലെ മുതിർന്ന ഉദ്യോഗസ്ഥനോട് മുഖർജിയുടെ മകൾ സൗമി സെൻഗുപ്തയാണ് പത്മശ്രീ പുരസ്കാരം നിരസിക്കുന്നു എന്ന കാര്യം അറിയിച്ചത്.
90ാം വയസിൽ പത്മശ്രീ പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെടുന്നത് എട്ട് പതിറ്റാണ്ട് നീണ്ട ആലാപന ജീവിതത്തെയും മുഖർജിയെയും അപമാനിക്കുന്നതാണെന്നാണ് സൗമി ഉദ്യോഗസ്ഥനോട് പറഞ്ഞത്. കൂടാതെ പത്മശ്രീ പുരസ്കാരം കൂടുതൽ അർഹിക്കുന്നത് ജൂനിയർ ആർട്ടിസ്റ്റിനാണ് അല്ലാതെ സന്ധ്യ മുഖർജിയ്ക്കല്ല എന്നും അവർ അഭിപ്രായപ്പെട്ടു. ഇതിനു പിന്നിൽ രാഷ്ട്രീയപരമായ പ്രശ്നങ്ങളൊന്നും ഇല്ലെന്നും സൗമി അറിയിച്ചു.
പത്മശ്രീ നിരസിച്ചതിനെതുടർന്ന് നിരവധിപേരാണ് മുഖർജിയെ പിന്തുണച്ചത്. ബംഗാളിലെ പ്രശസ്ത ഗായികയായ സന്ധ്യ മുഖർജി എസ്ഡി ബർമൻ, അനിൽ ബിശ്വാസ്, മദൻ മോഹൻ, റോഷൻ, സലിൽ ചൗധരി തുടങ്ങി നിരവധി പ്രശസ്ത സംഗീത സംവിധായകർക്കു വേണ്ടി ഗാനം ആലപിച്ചിട്ടുണ്ട്. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡും, ബംഗ ബിഭൂഷൺ∍ അവാർഡും നേടിയിട്ടുണ്ട്.