കഥക് നൃത്ത രംഗത്തെ ഇതിഹാസം പണ്ഡിറ്റ് ബിർജു മഹാരാജ് അന്തരിച്ചു
കഥക് നൃത്ത രംഗത്തെ ഇതിഹാസം പണ്ഡിറ്റ് ബിർജു മഹാരാജ് (83) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഡൽഹിയിലായിരുന്നു അന്ത്യം. കഥക്കിനെ ലോക ശ്രദ്ധയിൽ എത്തിച്ച പ്രതിഭയാണ് ഇന്ത്യയിലെ കഥക് നൃത്തത്തിന്റെ പ്രധാന ആചാര്യന്‍മാരിലൊരാൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പണ്ഡിറ്റ് ബിർജു മഹാരാജ് എന്ന ബ്രിജ്‌മോഹൻ മിശ്ര. ഞായറാഴ്ച രാത്രി കൊച്ചുമക്കൾക്കൊപ്പം കളിക്കുന്നതിനിടെയാണ് ബിർജു മഹാരാജ് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചത് എന്നാണ് വിവരം. പിന്നാലെ ആരോഗ്യനില വഷളാവുകയും അബോധാവസ്ഥയിലാവുകയും ചെയ്യുകയായിരുന്നു. ഡൽഹിയിലെ സാകേത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അടുത്തിടെ പണ്ഡിറ്റ് ബിർജു മഹാരാജിന് വൃക്കരോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഡയാലിസിസിനും വിധേയമാക്കിയിരുന്നു.
അറിയപ്പെടുന്ന ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതജ്ഞൻ കൂടിയായ പണ്ഡിറ്റ് ബിർജു മഹാരാജിനെ 1986ൽ രാജ്യം പത്മവിഭൂഷൻ നൽകി ആദരിച്ചിട്ടുണ്ട്. ഡൽഹിയിൽ 'കലാശ്രമം' എന്ന പേരിൽ കഥക് കളരി നടത്തിവന്നിരുന്ന അദ്ദേഹം ലോകമെന്പാടും നൃത്താവതരണങ്ങൾ നടത്തിയിട്ടുണ്ട്. നിരവധി കഥക് നൃത്തങ്ങൾ രൂപകൽപ്പന ചെയ്തിട്ടുള്ള വ്യക്തികൂടിയാണ് പണ്ഡിറ്റ് ബിർജു മഹാരാജ്. കഥക്കിലെ കൽക്ക − ബിനാദിൻ ഘരാനയുടെ മുഖ്യ പ്രചാരകൻ കൂടിയാണ് അദ്ദേഹം. കഥക് നർത്തകരുടെ വലിയ പാരന്പര്യം പേറുന്ന മഹാരാജ് കുടുംബത്തിലെ അംഗമാണ് പണ്ഡിറ്റ് ബിർജു മഹാരാജ്. ശംഭു മഹാരാജിന്റെയും ലച്ചു മഹാരാജിന്റെയും പാരന്പര്യം പേറുന്ന മഹാരാജ് കുടുംബാംഗം. അച്ചാൻ മഹാരാജാണ് പിതാവ്.