ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കും; ബില്ല് പാസാക്കി ലോക്സഭ
ന്യൂഡൽഹി
വോട്ടർ ഐഡിയും ആധാറും ബന്ധിപ്പിക്കാനുള്ള ബില്ല് ലോക്സഭയിൽ പാസാക്കി. മന്ത്രി കിരൺ റിജിജു അവതരിപ്പിച്ച തെരഞ്ഞെടുപ്പ് ഭേദഗതി ബില്ല് പ്രതിപക്ഷ പ്രതിഷേധത്തിനിടെ ശബ്ദവോട്ടോടെയാണ് പാസാക്കിയത്. നീക്കം രാജ്യത്തെ പൗരന്മാരല്ലാത്തവരുടെ വോട്ടിംഗിന് ഇടയാക്കുമെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. ആധാർ വോട്ടർ ഐഡിയുമായി ബന്ധപ്പെടുത്തുന്നതോടെ സ്വകാര്യത കൂടി ലംഘിക്കപ്പെടുകയാണെന്നും ലോക്സഭ പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. തെരഞ്ഞെടുപ്പിന് വിശ്വാസ്യത വര്‍ധിപ്പിക്കാനുള്ള നടപടിയാണ് ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കിരൺ റിജിജു പറഞ്ഞു. ഇരട്ട വോട്ട് തടയാൻ ഭേദഗതി മൂലം കഴിയുമെന്നും റിജിജു കൂട്ടിച്ചേർത്തു. മിനിറ്റുകൾ കൊണ്ടാണ് സുപ്രധാന ബില്ല് ലോക്സഭയിൽ പാസായത്. ഇനി രാജ്യസഭ കൂടി പാസാക്കി രാഷ്ട്രപതി ഒപ്പിട്ടാൽ ബില്ല് നിയമമാകും.