ഷോപ്പിയാനിൽ സൈന്യം മൂന്ന് ഭീകരരെ വധിച്ചു
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ഷോപ്പിയാനിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. നിരവധി ആയുധങ്ങളും ഇവരിൽനിന്നും പിടിച്ചെടുത്തു. ഇന്ന് പുലർച്ചെയാണ് സൈന്യം ഭീകരരെ വധിച്ചത്. കാഷ്മീരിലെ പൂഞ്ചിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മലയാളിയടക്കം അഞ്ച് സൈനികർ തിങ്കളാഴ്ച വീരമൃത്യു വരിച്ചിരുന്നു. ഇതേതുടർന്നു സൈന്യം കാഷ്മീരിലെ വിവിധ പ്രദേശങ്ങളിൽ തെരച്ചിൽ നടത്തിയിരുന്നു. തിങ്കളാഴ്ച രാത്രിയാണ് ഷോപ്പിയാനിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. കാഷ്മീരിലെ വിവിധയിടങ്ങളിൽ ഇപ്പോഴും ഭീകരർക്കായുള്ള തെരച്ചിൽ തുടരുകയാണ്.
പുഞ്ചിൽ കൊട്ടാരക്കര ഓടനാവട്ടം സ്വദേശി സിപ്പോയി എച്ച്. വൈശാഖ് (24) ആണ് വീരമൃത്യു വരിച്ച മലയാളി. പഞ്ചാബുകാരായ നായിബ് സുബേദാർ(ജെസിഒ) ജസ്‌വിന്ദർ സിംഗ്, നായിക് മൻദീപ് സിംഗ്, സിപ്പോയി ഗജ്ജൻ സിംഗ്, ഉത്തർപ്രദേശുകാരനായ സിപ്പോയി സരജ് സിംഗ് എന്നിവരാണ് വീരമൃത്യുവരിച്ച മറ്റു സൈനികർ. സുരാൻകോട്ടിലായിരുന്നു സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. നാലു ഭീകരർ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു സൈനികർ പ്രദേശത്ത് എത്തിയത്.