ലഖിംപുർ ഖേരി സംഭവം: യുപി സർക്കാർ സ്വീകരിച്ച നടപടിയിൽ തൃപ്തിയില്ലെന്ന് സുപ്രീംകോടതി


ന്യൂഡൽഹി: ലഖിംപുർ ഖേരി സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനെ വിമർശിച്ച് സുപ്രീംകോടതി. കേസിൽ ഇതുവരെ സർക്കാർ സ്വീകരിച്ച നടപടികളിൽ തൃപ്തിയില്ലെന്ന് നിരീക്ഷിച്ച കോടതി ക്രൂരമായ സംഭവമാണ് നടന്നതെന്നും വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റീസ് എൻ.വി രമണയാണ് സർക്കാരിനെതിരേ വിമർശനം ഉന്നയിച്ചത്. കേസ് പൂജ അവധിക്ക് ശേഷം വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. 

കേസിൽ ആരോപണ വിധേയനായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് യുപി സർക്കാർ കോടതിയെ അറിയിച്ചു. ഹാജരായില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന സർക്കാർ വിശദീകരിച്ചപ്പോൾ, എല്ലാ കേസുകളിലും ഇതേ ഇളവ് നൽകാറുണ്ടോ എന്ന് സുപ്രീംകോടതി ആരാഞ്ഞു. ഉത്തരവാദിത്വത്തോടെ പെരുമാറുന്ന സർക്കാരിനെയും പോലീസിനെയുമാണ് പ്രതീക്ഷിക്കുന്നത്. വെടിവയ്പ്പുണ്ടായി എന്നത് ഉൾപ്പടെ ഗുരുതര ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. പോലീസ് സാധാരണയായി ഇങ്ങനെയാണോ പെരുമാറുന്നതെന്നും എന്ത് സന്ദേശമാണ് നിങ്ങൾ നൽകുന്നതെന്നും ചീഫ് ജസ്റ്റീസ് യുപി സർക്കാരിനോട് ചോദിച്ചു.

You might also like

Most Viewed