വാക്സിൻ സ്വീകരിച്ച ഇന്ത്യക്കാർക്ക് ക്വാറന്റൈൻ വേണ്ടെന്ന് യുകെ
ന്യൂഡൽഹി: രണ്ടു ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ച ഇന്ത്യൻ യാത്രക്കാർ നിരീക്ഷണത്തിൽ ഇരിക്കണം എന്ന നിബന്ധന യുകെ പിൻവലിച്ചു. തിങ്കളാഴ്ച മുതലാണ് ഇളവ് പ്രാബല്യത്തിൽ വരുന്നത്. കോവിഷീൽഡ് അല്ലെങ്കിൽ യുകെ അംഗീകരിച്ച വാക്സിൻ ഉപയോഗിച്ചവർക്ക് മാത്രമാണ് ഈ ആനുകൂല്യം. ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്സ് എല്ലീസ് ആണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ കൊവാക്സിൻ സ്വീകരിച്ചവർ നിരീക്ഷണത്തിൽ കഴിയേണ്ടി വരും. ഇന്ത്യക്കാർക്ക് ക്വാറന്‍റൈൻ നിർബന്ധമാക്കിയതു നേരത്തെ ഇന്ത്യയെ ചൊടിപ്പിച്ചിരുന്നു.
പലവട്ടം ആവശ്യപ്പെട്ടിട്ടും ചർച്ച നടത്തിയിട്ടും തീരുമാനമാകാതെ പ്രശ്നം നീണ്ടുപോവുകയായിരുന്നു. ഇതോടെ പകരത്തിനു പകരമായി യുകെയിൽനിന്ന് ഇന്ത്യയിലേക്ക് എത്തുന്നവർക്ക് ഇന്ത്യയും ക്വാറന്‍റൈൻ നിബന്ധന ഏർപ്പെടുത്തി. ഇതോടെയാണ് യുകെ അയയുകയും കോവിഷീൽഡ് വാക്സിൻ എടുത്തവർക്ക് ക്വാറന്‍റൈൻ ഇളവ് പ്രഖ്യാപിക്കുകയും ചെയ്തത്.