മോദി സർക്കാർ കർഷകരെ ജീപ്പ് കയറ്റി കൊല്ലുകയാണെന്ന് രാഹുൽ
ലഖ്നൗ: ലഖിംപുർ സംഘർഷത്തിൽ മോദി സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കർഷകർക്ക് നേരെയുണ്ടായത് സർക്കാർ ആക്രമണമാണ്. മോദി സർക്കാർ കർഷകരെ ജീപ്പ് കയറ്റി കൊല്ലുകയാണെന്നും ലഖിംപുർ സന്ദർശനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് രാഹുൽ പറഞ്ഞു. കേന്ദ്രമന്ത്രിയെയും പുത്രനെയും മോദി സർക്കാർ സംരക്ഷിക്കുകയാണ്. സർക്കാരിൽ സമ്മർദം ചെലുത്തലാണ് പ്രതിപക്ഷത്തിന്‍റെ ജോലി. എന്നാൽ അതുണ്ടാകരുതെന്ന് ഭരിക്കുന്നവർ ആഗ്രഹിക്കുന്നു. രാജ്യത്ത് ഏകാധിപത്യമാണ് നടക്കുന്നതെന്നും രാഹുൽ പറഞ്ഞു. കർഷകരെ ആസൂത്രിതമായി തകർക്കാനാണ് നീക്കങ്ങൾ. കർഷകരുടെ ശക്തി എന്തെന്ന് ബിജെപിക്ക് ഇതുവരെ മനസിലായിട്ടില്ല.
കോൺഗ്രസ് സംഘം കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ കാണും. ലഖിംപുരിൽ പോലീസ് 144 പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മൂന്നു പേർക്ക് പോകാം. എന്തുകൊണ്ടാണ് കോൺഗ്രസ് നേതാക്കളെ മാത്രം പോകാൻ യുപി പോലീസ് അനുവദിക്കാത്തത്. തനിക്കും പ്രിയങ്കയ്ക്കും നേരെയുള്ള ആക്രമണം കാര്യമാക്കുന്നില്ല. കാരണം ഇതു കർഷകരുടെ വിഷയമാണ്. മോദി ലഖ്നൗവിൽ എത്തിയിട്ടും ലഖിംപുരിൽ പോയില്ലല്ലോയെന്നും രാഹുൽ ചോദിച്ചു.